പെഷവാർ : പാകിസ്ഥാനിൽ അഫ്ഗാൻ അതിർത്തിയോട് ചേർന്ന വടക്ക് കിഴക്കൻ പ്രവിശ്യയിൽ റോഡിലുണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് സ്കൂൾ അദ്ധ്യാപകർ കൊല്ലപ്പെട്ടു. ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിലെ ദമാദോല മേഖലയിലാണ് സംഭവം.
ബോംബ് പൊട്ടിത്തെറിക്കുമ്പോൾ റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു കൊല്ലപ്പെട്ട രണ്ട് പേരും. സ്വകാര്യ സ്കൂൾ അദ്ധ്യാപകനായ അബ്ദുൾ റഹ്മാൻ, സർക്കാർ സ്കൂൾ അദ്ധ്യാപകനായ ഇസ്മയിൽ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ ഭീകരവാദികൾ ഇത്തരത്തിലുള്ള സ്ഫോടനങ്ങൾ നടത്താറുണ്ട്.