editorial-

കൊവിഡിനെത്തുടർന്ന് അടഞ്ഞുകിടക്കുന്ന രാജ്യത്തെ ആരാധനാലയങ്ങൾ കർക്കശമായ ഉപാധികളോടെ ജൂൺ 8 തിങ്കളാഴ്ച മുതൽ തുറന്നുകൊടുക്കുകയാണ്. രോഗം തീവ്രമായി നിലനിൽക്കുന്ന മേഖലകളിൽ തുടർന്നും വിലക്ക് തുടരും. ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്ക്കായി പ്രവേശിക്കുമ്പോഴും സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെ ഒട്ടേറെ നിബന്ധനകൾ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഉള്ളിൽ പ്രവേശിക്കുന്നതിനു മുൻപ് കൈ കഴുകാനും പാദരക്ഷകൾ സൂക്ഷിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത് അതാതു ദേവാലയങ്ങളാണ്. അതുപോലെ ക്ഷേത്രങ്ങളിൽ പൂജാരിയിൽ നിന്ന് പ്രസാദം സ്വീകരിക്കുന്നതും ഒഴിവാക്കണം. മറ്റു മതവിശ്വാസികളുടെ ആരാധനാലയങ്ങൾക്കും ഇതുപോലുള്ള നിബന്ധനകൾ ബാധകമാണ്. കൊവിഡ് കാലത്ത് പുറത്തിറങ്ങി സഞ്ചരിക്കുന്നതിന് പ്രായമായവർക്കും പത്തുവയസിൽ താഴെയുള്ള കുട്ടികൾക്കും ബാധകമാക്കിയ വിലക്ക് ആരാധനാലയങ്ങളിലും പാലിക്കേണ്ടതുണ്ട്. 65 കഴിഞ്ഞവരെ പ്രവേശിപ്പിക്കരുതെന്നാണ് നിബന്ധന. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് പ്രാർത്ഥനയും ദർശനവുമൊക്കെയായി ജീവിതം തള്ളിനീക്കുന്ന വയോജനങ്ങളെ തീർത്തും നിരാശപ്പെടുത്തുന്നതാണ് ഈ നിബന്ധന. രാജ്യം ഇപ്പോൾ കടന്നുപോകുന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ നിബന്ധന അതേപടി പാലിച്ച് സ്വന്തം ഗൃഹത്തിലിരുന്നു തന്നെ ഈശ്വര ഭജന നടത്തുന്നതിൽ മുതിർന്ന പൗരന്മാർ ആശ്വാസം കണ്ടെത്തണം. ദിവസേന വൻ പുരുഷാരം എത്താറുള്ള ആരാധനാലയങ്ങളെ സംബന്ധിച്ച് നിബന്ധനകൾ പലതും ദുഷ്കരമായി അനുഭവപ്പെടാനിടയുണ്ട്. അവ പാലിക്കപ്പെടുന്നു എന്നു ഉറപ്പാക്കേണ്ട ബാദ്ധ്യത ആരാധനാലയങ്ങളുടെ ചുമതലക്കാർക്കുണ്ട്. കൊവിഡ് വ്യാപനത്തിനുള്ള മറ്റൊരിടമായി ആരാധനാലയങ്ങൾ ഒരിക്കലും മാറരുത്. രാജ്യത്ത് ഇപ്പോൾത്തന്നെ രോഗികളുടെ സംഖ്യ ഭീതിദമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന ബോധം വിശ്വാസികളിൽ ഓരോരുത്തർക്കും ഉണ്ടാകണം. വൻതോതിൽ ഭക്തജനങ്ങളെത്താറുള്ള മഹാ ദേവാലയങ്ങളാണ് കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തേണ്ടത്. രാജ്യത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ഒരാഴ്ച മുൻപേ തന്നെ കൊവിഡ് നിയന്ത്രണങ്ങൾക്കനുസൃതമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചത് മറ്റു വലിയ ക്ഷേത്രങ്ങൾക്കും മാതൃകയാക്കാവുന്നതാണ്. പ്രതിദിനം ശരാശരി ലക്ഷം പേർ ദർശനം നടത്തിക്കൊണ്ടിരുന്ന തിരുപ്പതിയിൽ ജൂൺ 8 മുതൽ പരമാവധി പതിനായിരം ഭക്തർക്ക് ദർശന സൗകര്യം ഒരുക്കിയാൽ മതിയെന്നാണ് അധികൃതരുടെ തീരുമാനം. മണിക്കൂറിൽ 300 മുതൽ 500 വരെ ഭക്തർക്കാവും ദർശന സൗകര്യം. ഇതിനായി ക്യൂ കോംപ്ളക്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പുനർ ക്രമീകരിച്ചുകഴിഞ്ഞു. തിരുപ്പതി ദേവസ്വത്തിനു കീഴിലുള്ള മറ്റു ക്ഷേത്രങ്ങളിലും ഇതേ മാതൃകയാവും സ്വീകരിക്കുക. കേരളത്തിൽ ഗുരുവായൂർ പോലുള്ള മഹാ ക്ഷേത്രങ്ങളിലും കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. അതിനു വേണ്ടുന്ന ഏർപ്പാടുകൾ നിലവിൽ വരേണ്ടതുണ്ട്. ക്രിസ്ത്യൻ - മുസ്ളിം ആരാധനാലയങ്ങളിലും ഇത്തരത്തിലുള്ള പുതിയ ക്രമീകരണങ്ങളോടെയാകും തിങ്കളാഴ്ച മുതൽ വിശ്വാസികൾക്കു പ്രവേശനം. ഇതുമായി പൂർണമായി പൊരുത്തപ്പെട്ടു വരാൻ കുറച്ചു ദിവസങ്ങൾ വേണ്ടിവന്നേക്കും. എന്നിരുന്നാലും സമൂഹത്തിന്റെ നിലനില്പിനും സുരക്ഷയ്ക്കും വേണ്ടി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് സർവാത്മനാ സഹകരിക്കുകയെന്നതാണ് വിശ്വാസികളുടെ കടമ.

കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളും പൂർണമായും പാലിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്ത വിവിധ മതമേലദ്ധ്യക്ഷന്മാർ സമ്മതം അറിയിച്ചത് ശുഭോദർക്കമാണ്. വയോജനങ്ങൾ ആരാധനാലയങ്ങളിൽ എത്തരുതെന്ന നിർദ്ദേശവും അവർ സ്വാഗതം ചെയ്തു.

സംസ്ഥാനത്ത് ഉത്സവങ്ങളും പെരുന്നാളുകളും മൂർദ്ധന്യത്തിൽ നിൽക്കവെയാണ് മാർച്ച് 24-ന് ലോക്ക് ഡൗൺ നിലവിൽ വന്നത്. ലോക പ്രസിദ്ധമായ തൃശൂർ പൂരം ഉൾപ്പെടെ ചെറുതും വലുതുമായ ആയിരക്കണക്കിനു ഉത്സവങ്ങളും പെരുന്നാളുകളും ഇതേത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. ക്രിസ്ത്യൻ - മുസ്ളിം സമുദായങ്ങളുടെ ഏറ്റവും പവിത്രങ്ങളായ ഈസ്റ്ററും ബക്രീദും ഹിന്ദുക്കളുടെ വിഷുവുമെല്ലാം ലോക്ക് ഡൗണിൽ കുരുങ്ങി. മഹാമാരിക്കു മുമ്പിൽ ഇതൊന്നും വലിയ കാര്യമല്ലെന്നു എല്ലാ വിഭാഗം ജനങ്ങളും ഉൾക്കൊണ്ടു എന്നത് എടുത്തുപറയേണ്ടതാണ്. ആഘോഷങ്ങൾ ഇനിയും വരും. ഏതു നിമിഷവും എവിടെ നിന്നും ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന രോഗാണുക്കളെ ഏതു വിധേനയും തടയുക എന്ന ഒറ്റ മന്ത്രത്തിനാണ് ഇപ്പോൾ പ്രസക്തി. ആരാധനാലയങ്ങൾ വിശ്വാസികൾക്കായി തുറക്കുന്ന വേളയിലും മറക്കരുതാത്തതാണ് ഈ മന്ത്രം. ഈശ്വരനു നിരക്കാത്തതിനൊന്നും ആരും മുതിരരുത്. ഉത്സവങ്ങളും പെരുന്നാളും ആഘോഷപൂർവം കൊണ്ടാടാൻ ഇനിയും അവസരങ്ങൾ വരും. മഹാമാരി പൂർണമായി ഒഴിയുന്ന കാലം വരെ എല്ലാവിധ ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനുള്ള വിവേകമാണു വേണ്ടത്. ആരാധനാലയങ്ങൾ അടഞ്ഞുകിടന്ന മൂന്നുമാസക്കാലത്ത് ദൃശ്യമായ ആത്മസംയമനം പാടേ ഉപേക്ഷിക്കേണ്ട കാര്യമില്ല. ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയായി എന്നുവച്ച് എല്ലാവരും ഒന്നിച്ച് ഓടി എത്തുന്നതും അവിവേകമാകും. പൊതുജീവിതത്തിൽ മറ്റു രംഗങ്ങളിൽ പുലർത്തേണ്ട നിയന്ത്രണങ്ങളും സംയമനവും ഭക്തിയുടെ കാര്യത്തിലും ഉണ്ടാകണം.

പ്രത്യേകിച്ചും ആഘോഷങ്ങളുടെ കാര്യത്തിൽ.

ആരാധനാലയങ്ങൾക്കൊപ്പം മാളുകൾ, റസ്റ്റാറന്റുകൾ എന്നിവയും തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതിയായിട്ടുണ്ട്. ഇവിടങ്ങളിലും ആൾ അകലം പാലിക്കുന്നതുൾപ്പെടെയുള്ള നിബന്ധനകൾ ബാധകമാണ്. സിനിമാശാലകൾ ഉൾപ്പെടെ ഇനി നന്നേ കുറച്ച് മേഖലകളേ അടച്ചിടൽ നിബന്ധനകളിൽ ഉൾപ്പെടുന്നുള്ളൂ. രാജ്യം ഇപ്പോഴും കൊവിഡിന്റെ ഉരുക്കുമുഷ്ടിക്കുള്ളിൽത്തന്നെയാണെങ്കിലും ജനജീവിതം അതിവേഗം സാധാരണ നിലയിലേക്കു മടങ്ങിക്കൊണ്ടിരിക്കുകയാണ്. ഏറെ നാൾ ഒന്നിച്ചു കഴിയേണ്ടിവരുമ്പോൾ ഏതു ശത്രുവും മിത്രമാകുമെന്നു പറഞ്ഞതു പോലെ കൊവിഡും ലോക ജനതയുമായി സഹവർത്തിത്വം സ്ഥാപിച്ചുകഴിഞ്ഞു. ഒപ്പം നീങ്ങുമ്പോഴും ഏറെ കരുതലോടെ അവനിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക എന്നതേ ചെയ്യാനുള്ളൂ.