pepper-spray

ന്യൂയോർക്ക്: അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്റെ മരണത്തിനെതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങളിൽ ആളുകളെ തുരത്താൻ പൊലീസ് പ്രയോഗിക്കുന്ന രാസപദാർത്ഥങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ രംഗത്തെത്തി. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് ഉപയോഗിക്കുന്ന ടിയർ ഗ്യാസ്, സ്മോക്ക് ഗ്യാസ്, പെപ്പർ സിപ്രേ തുടങ്ങിയവ ആളുകളിൽ ചുമ, തുമ്മൽ എന്നിവയ്ക്ക് കാരണമാകും.

കൊവിഡ് സാന്നിദ്ധ്യമുള്ള ഒരാളിൽ നിന്നും ഇത് വഴി അതിവേഗം രോഗവ്യാപനം സംഭവിക്കും. ഇത് അത്യന്തം അപകടകരമാണെന്നും വൈറ്റ് ഹൈസ് ടാസ്ക് ഫോഴ്സുമായി ഇതേ പറ്റി ചർച്ച നടത്തുമെന്നും യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് പറഞ്ഞു.

വൈറസ് പടർന്നു പിടിക്കുന്നതിനെ വകവയ്ക്കാതെയാണ് പ്രതിഷേധക്കാർ തടിച്ചു കൂടുന്നത്. ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അമേരിക്കയിലെ ഏറ്റവും വലിയ കൊവിഡ് 19 ക്ലസ്റ്ററുകളിൽ ഒന്നായി പ്രതിഷേധക്കാർ മാറുമെന്നും റെഡ്ഫീൽഡ് മുന്നറിയിപ്പ് നൽകി.

വൈറ്റ് ഹൗസിന് പുറത്തും രാജ്യത്തുടനീളവും കാപ്സെയസിൻ അടങ്ങിയ പെപ്പർ സ്പ്രേ, പെപ്പർ ബോൾ തുടങ്ങിയ ഉപയോഗിച്ചിട്ടുണ്ട്. ടിയർ ഗ്യാസ്, ഫ്ലാഷ് ബാംഗ് ഗ്രാനേഡുകൾ തുടങ്ങിയവയും കടുത്ത ചുമ പോലുള്ള ശ്വാസകോശ പ്രശ്നങ്ങൾക്ക് ഇടയാക്കും. അതുപോലെ തന്നെ, പ്രതിഷേധക്കാർ കെട്ടിടങ്ങളും മറ്റും കത്തിയ്ക്കുന്നത് വഴിയുണ്ടാകുന്ന പുകയും കൊവിഡ് വ്യാപനത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇപ്പോൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെല്ലാം നിർബന്ധമായും കൊവിഡ് 19 ടെസ്റ്റിന് വിധേയമാകണമെന്നും റെഡ്ഫീൽഡ് ചൂണ്ടിക്കാട്ടി.