തിരുവനന്തപുരം: യുവതിയെ മദ്യം നൽകി അബോധാവസ്ഥയിലാക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ മൊഴി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭർത്താവും സുഹൃത്തുക്കളും തന്നോട് കാട്ടിയ ക്രൂരതകൾ യുവതി വിവരിച്ചത്.
ഭർത്താവാണ് തന്നെക്കൊണ്ട് ആദ്യം മദ്യം കുടിപ്പിച്ചതെന്ന് യുവതി വെളിപ്പെടുത്തി. പിന്നീട് ഭർത്താവും സുഹൃത്തുക്കളും ഇളയ മകനെയും കൂട്ടി പുറത്ത് പോയി. എന്നിട്ട് വെള്ളം എടുക്കാനെന്ന് പറഞ്ഞ് അവരിൽ ഒരാള്‍ അകത്ത് കയറുകയും തന്റെ തോളിൽ കയ്യിടുകയും ചെയ്തതായി യുവതി പറഞ്ഞു. തുടർന്ന് യുവതി അവിടെ നിന്നോടി.
പുറത്തേക്ക് ഓടി രക്ഷപ്പെടുന്നതിനിടെ ചേച്ചീടെ ഭർത്താവ് വഴക്കുണ്ടാക്കുകയാണെന്ന് ഒരു പയ്യൻ വന്നു പറഞ്ഞു. അതിനുശേഷം നാല് വയസ്സുള്ള മൂത്ത മകനൊപ്പം തന്നെ ബലംപ്രയോഗിച്ച് ഒരു ആട്ടോയിൽ വലിച്ചു കയറ്റി കാട്ടിലേക്ക് കൊണ്ടുപോയി കുറെ ഉപദ്രവിച്ചു.
കടിക്കുകയും തുടയിലും കാലിലും സിഗററ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. ക്രൂരമർദ്ദനത്തിനിടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് മർദ്ദനമേറ്റുള്ള മകന്റെ നിലവിളികേട്ടാണ് ഉണരുന്നത്. മകനെ വീട്ടിലാക്കി വരാമെന്ന് അവരോട് കള്ളം പറഞ്ഞാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ഓടി റോഡിലെത്തിയ ഞാൻ അവിടെ കണ്ട ചെറുപ്പക്കാരുടെ അരികിൽ അഭയം തേടുകയായിരുന്നു.
ആട്ടോയിൽ കയറ്റിപോകുമ്പോൾ നാല് പേരെ വണ്ടിയിൽ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീട് ആറേഴ് പേരുണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. സംഭവ ശേഷം മദ്യലഹരിയിലെത്തിയ ഭർത്താവ് പൊലീസിനോട് ഒന്നും തുറന്നു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.