തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതിനു പിന്നിൽ പണത്തിനും പ്രതികാരത്തിനുമായി ഭർത്താവ് നടത്തിയ ആസൂത്രണമെന്ന് കണ്ടെത്തൽ. നേരത്തെ വഴക്കിട്ട് ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഭർത്താവ് പിന്നീട് വീണ്ടും അടുത്തുകൂടിയത് കുടിലമായ പ്രതികാരാസൂത്രണവുമായാണെന്ന് മൊഴിയിലുണ്ട്. ഒപ്പം പണം നേടാനുള്ള ആർത്തിയും. ഭാര്യയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യാൻ ഇയാൾ മനഃപൂർവം അവസരം ഒരുക്കുകയായിരുന്നു. ബലാത്സംഗശ്രമം നടക്കുന്നതിന് മുമ്പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ രണ്ടുതവണ പുതുക്കുറിച്ച് ബീച്ചിലെത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജൻ, മൻസൂർ, അക്ബർ, അർഷാദ് എന്നിവരാണ് ഭർത്താവിനൊപ്പം പിടിയിലായത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇതിൽ രാജൻ നിരവധി കഞ്ചാവു കടത്തുകേസുകളിലെ പ്രതിയാണ്.
ലോക്ക് ഡൗൺ സമയത്ത് പുതുക്കുറുച്ചി ബീച്ചിൽ ഭാര്യയെയും കുട്ടികളെയും കൊണ്ട് അടുത്ത അടുത്ത ദിവസങ്ങളിലെത്തിയതും സുഹൃത്തായ രാജന്റെ വീട്ടിൽ വച്ച് ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷം ഭർത്താവ് മുങ്ങിയതും ഗൂഢാലോചന അനുസരിച്ചായിരുന്നു. ഇന്നലെ വെെകിട്ട് നാലരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മറ്റ് നാലു സുഹൃത്തുക്കൾ വീടിന് പുറത്തു കാത്തുനിന്നിരുന്നു. യുവതി മദ്യലഹരിയിലായി ഉറങ്ങിയതിന് പിന്നാലെ ഭർത്താവ് മുങ്ങിയതും മുൻ ധാരണ പ്രകാരമായിരുന്നു. പിന്നീട് ആട്ടോയുമായി മറ്റുള്ളവർ എത്തുന്നതും യുവതിയെ പത്തേക്കർ എന്ന വിജനമായ സ്ഥലത്തു കൊണ്ടുപോകുന്നതുമെല്ലാം മുൻകൂട്ടി നിശ്ചയിച്ച ആസൂത്രണ പ്രകാരമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇവിടെവച്ച് മണിക്കൂറുകളോളം യുവതിക്കും കുഞ്ഞിനും വലിയ തോതിൽ മർദ്ദനം നേരിടേണ്ടിവന്നു. യുവതി പീഡനത്തിനിടയിൽ രക്ഷപ്പെടാതിരിക്കാൻ ഭർത്താവ് കുഞ്ഞിനെ പിന്നീട് മാറ്റി. എന്നാൽ ഇതിനിടെ യുവതി രക്ഷപ്പെട്ട് റോഡിലെത്തിയതും അതുവഴി കാറിൽ വന്നവർ രക്ഷപ്പെടുത്തിയതും കാരണം ആസൂത്രിത പദ്ധതി പൂർണമായി നടപ്പാക്കാൻ ഇവർക്കായില്ല. കുറ്റകൃത്യത്തിന് ഉപയോഗിച്ച പ്രതികളിലൊരാളുടെ ആട്ടോറിക്ഷ പൊലീസ് കണ്ടെടുത്തു.
സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, കാട്ടുവഴിയിൽ വലിച്ചിഴച്ച് പീഡിപ്പിച്ചു: യുവതി
വൈകിട്ട് മൂന്ന് മണിയോടെ മകനെയും കൂട്ടി ബീച്ചിലേക്ക് പോകാമെന്നു പറഞ്ഞാണ് ഭർത്താവ് ഇറങ്ങിയതെന്ന് യുവതി മൊഴി നൽകി. വെട്ടുത്തുറയിലുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് പോയി. അവിടെ വച്ച് ഭർത്താവ് മദ്യപിക്കുകയും തന്നെയും ബലമായി മദ്യം കുടിപ്പിച്ച ശേഷം ഭർത്താവും സുഹൃത്തുക്കളും പുറത്തേക്ക് പോവുകയായിരുന്നു. അവരിലൊരാൾ വെള്ളമെടുക്കാനെന്നു പറഞ്ഞു തിരിച്ചുവന്നു. അവിടെ ഉണ്ടായിരുന്ന ഒരു പ്രായമായ സ്ത്രീയാണ് ഇവരുടെ ഉദ്ദേശ്യം വേറെയാണെന്നു പറഞ്ഞ് തന്നോട് രക്ഷപ്പെടാൻ പറഞ്ഞത്. വെള്ളമെടുക്കാൻ വന്നയാൾ അപമര്യാദയായി പെരുമാറുകയും തുടർന്ന് പലരും പല കാരണങ്ങൾ പറഞ്ഞ് മുറിയിലേക്ക് എത്തിയതോടെ ഭയന്ന് വിറച്ച് ഇറങ്ങുകയായിരുന്നു. പിന്നീട് ഭർത്താവിനൊപ്പം പോയ വേറൊരാൾ വന്ന് ചേട്ടൻ അവിടെ അടിയുണ്ടാക്കുകയാണെന്ന് പറഞ്ഞതു കേട്ട് മുന്നോട്ടു പോയപ്പോൾ നാല് പേർ ആട്ടോറിക്ഷയിൽ വന്ന് തന്നെയും മകനെയും അതിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. തുടർന്ന് കാടിന്റെ ഇട ഭാഗത്ത് കൊണ്ടുപോയി മർദ്ദിക്കുയും സിഗരറ്റു വച്ച് പൊള്ളിക്കുകയുമായിരുന്നു. മോനെയും അതിലൊരാൾ അടിച്ചു. മോനെ റോഡിലേക്ക് കൊണ്ടാക്കിയിട്ടു വരാം എന്നുപറഞ്ഞ് അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ തന്നെ കേസ് കൊടുക്കരുതെന്നു പറഞ്ഞ് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും മർദ്ദിച്ചെന്നും യുവതി പറയുന്നു. സംഭവത്തിന്റെ തലേന്ന് പ്രതി രാജൻ തന്റെ ഭർത്താവിന് പണം നൽകിയിരുന്നതായും മൊഴിയിലുണ്ട്.