
കൊവിഡ് വ്യാപനത്തെ തുടർന്ന് മനുഷ്യരെല്ലാം വീടിനകത്തായപ്പോൾ റോഡിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്ന ജീവികളുടെയൊക്കെ ചിത്രങ്ങൾ നാം കണ്ടു. എന്നാൽ മനുഷ്യരെ കാണാതെ വിഷമിച്ചിരിക്കുന്ന ഒരു കൂട്ടം ജീവികളുണ്ട്. മൃഗശാലകളിൽ കഴിയുന്നവ.!
സന്ദർശകരായ മനുഷ്യരെ കാണാതാകുന്നതോടെ മൃഗശാലകളിലെ പല മൃഗങ്ങളും സങ്കടത്തിലാണ്. വൈറസ് വ്യാപനത്തെ തുടർന്ന് മാർച്ച് 25ന് സൈബീരിയയിലെ ക്രാസ്നോയാർസ്ക് റോയവ് റൂഷെ നാഷണൽ പാർക്ക് എന്ന മൃഗശാല അടച്ചതോടെ മനുഷ്യരെ കാണാതെ വിഷമിച്ചിരിക്കുകയാണ് ടിഖോൺ, അൻഫിസ എന്നീ ഇരട്ട സഹോദരങ്ങളായ ചിമ്പാൻസികൾ. പാർക്കിലെത്തുന്ന സന്ദർശകരുമായി എളുപ്പം ഇണങ്ങുന്ന സ്വഭാവക്കാരാണ് ടിഖോണും, അൻഫിസയും.
എന്നാൽ മൃഗശാല അടച്ചത് മുതൽ കൂട്ടിലായതോടെ പഴയ ഉത്സാഹം ഇവരുടെ മുഖത്ത് തീരെ ഇല്ല. ഇഷ്ടപ്പെട്ട ആഹാരം പോലും അത്ര സന്തോഷം ഇവർക്ക് നൽകുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ഏതായാലും കാര്യങ്ങളൊക്കെ പഴയ പടി ആകുന്നത് വരെ ടിഖോണിന്റെയും അൻഫിസയുടെയും ബോറടി മാറ്റാൻ ഒരു ചെറിയ സിനിമാ തിയേറ്റർ ഒരുക്കിയിരിക്കുകയാണ് മൃഗശാല ജീവനക്കാർ.
എപ്പോഴും കലപിലാ ശബ്ദമുണ്ടാക്കി നടന്നിരുന്ന ടിഖോണും അൻഫിസയും മനുഷ്യരെ കാണാതായതോടെ വിഷമിച്ചിരിക്കുന്നത് കണ്ടതോടെയാണ് ഇരുവരുടെയും കൂടിന് മുന്നിൽ ജീവനക്കാർ ടി.വി സ്ഥാപിച്ചത്. കാർട്ടൂണാണ് ഈ ചിമ്പാൻസികൾക്ക് കാണിക്കുന്നത്. മൃഗശാലയിൽ ജീവിക്കുന്ന ഒരു അമ്മ കുരങ്ങിനെ പറ്റിയുള്ള റഷ്യൻ കാർട്ടൂൺ കാണാനാണ് ഇവർക്ക് കൂടുതൽ ഇഷ്ടമെന്ന് മൃഗശാല ജീവനക്കാർ പറയുന്നു.
ഇപ്പോൾ എത്ര നേരം വേണമെങ്കിലും കാർട്ടൂൺ കാണാനും ടിഖോണിനും അൻഫിസയ്ക്കും ഇഷ്ടമാണ്. വാൾട്ട് ഡിസ്നിയുടെ ദ ലയൺ കിംഗ് ആണ് ഇവർക്ക് ഇഷ്ടപ്പെട്ട മറ്റൊരു കാർട്ടൂൺ. രണ്ട് ചിമ്പാൻസികളും രണ്ട് രീതിയിലാണ് ടിവി കാണുന്നത്. ടിഖോണാണ് കൂടുതൽ ജാഗ്രതയോടെ ടിവി കാണുന്നത്. സോഫയിൽ കിടന്ന് പരിപാലകർ നൽകുന്ന പഴങ്ങളും പച്ചക്കറികളും ഇടയ്ക്ക് കഴിച്ചോണ്ടാണ് ടിഖോണിന്റെ ടിവി കാണാൽ. അതേ സമയം, അൻഫിസയാകട്ടെ ടിവി കാണുന്നതിനൊപ്പം ' സൈഡ് ബിസിനസ് ' ആയി മറ്റെന്തെങ്കിലുമൊക്കെ ചെയ്ത് കൊണ്ടിരിക്കും. ചിലപ്പോൾ കളിപ്പാട്ടങ്ങളെടുത്ത് തട്ടിക്കളിക്കും അല്ലെങ്കിൽ ഒഴിഞ്ഞ ലിപ്സ്റ്റിക് ട്യൂബെടുത്ത് സ്വയം മേക്കോവറൊക്കെ നടത്തും. ഒരിക്കൽ അൻഫിസയുടെ പരിപാലകരിൽ ഒരാളാണ് ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് കാണിച്ചു നൽകിയത്. അന്നു മുതൽ അത് അനുകരിക്കുന്നത് അൻഫിസയുടെ പതിവാണ്. ടിഖോണിനെയും അൻഫിസയേയും കൂടാതെ ഏകദേശം 5000 ത്തോളം മൃഗങ്ങളാണ് റോയവ് റൂഷെ പാർക്കിലുള്ളത്.