crime-sexual-abuse-

തിരുവനന്തപുരം: കഠിനംകുളത്ത് ഭാര്യയെ പീഡിപ്പിക്കുന്നതിന് ഒത്താശ നൽകാൻ ഭർത്താവ് പണം വാങ്ങിയതായി സംശയം. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നത് കണ്ടതായുള്ള യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രണ്ടുദിവസം മുമ്പ് ഇതേ വീട്ടില്‍ വച്ചാണ് പണം നല്‍കിയത്. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നതായും യുവതി പറയുന്നു.

സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് വൈകിട്ടോടെയുണ്ടാകും. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഭര്‍ത്താവും നാല് സുഹൃത്തുക്കളും പിടിയിലായി. മദ്യം നൽകിയും മർദിച്ചവശയാക്കിയ ശേഷവുമായിരുന്നു ഉപദ്രവമെന്ന് യുവതി പറഞ്ഞു. യുവതിയുടെ രഹസ്യമൊഴി എടുത്തശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോക് മാദ്ധ്യമങ്ങളോട് പറഞ്ഞു.

രണ്ട് കുട്ടികളുടെ അമ്മയായ 23 കാരിയാണ് പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതി ആദ്യം ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് വച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്‍റെ മുന്നിൽ വച്ചായിരുന്നു ക്രൂരതയെല്ലാം. ഒടുവിൽ കുഞ്ഞുമായി ഓടി രക്ഷപെടുന്നതിനിടെ വഴിയിൽ കണ്ട കാർ യാത്രക്കാർ വീടിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.

യുവതിയുടെ മൊഴി പ്രകാരമുള്ള ഭർത്താവടക്കം അഞ്ച് പ്രതികളെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. കഠിനംകുളത്തും പരിസരത്തുമുള്ളവരാണ് പ്രതികളെല്ലാം. സഹായികളടക്കം കൂടുതൽ പേർ പ്രതികളായേക്കും. കുഞ്ഞിന് മുമ്പിൽ വച്ച് ഉപദ്രവിച്ചതിനാൽ പോക്സോ കുറ്റവും ചുമത്തും. വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്