തിരുവനന്തപുരം:ശബരിമല ക്ഷേത്രത്തിലേക്ക് ആവശ്യമുളള പാത്രങ്ങൾ വാങ്ങിയതിൽ ഒരു കോടി 81 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ സെക്രട്ടറി വി എസ് ജയകുമാർ 2014-15 കാലത്ത് ശബരിമല ദേവസ്വം എക്സി. ഓഫീസർ ആയിരുന്നപ്പോഴും തുടർന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും നടത്തിയ ക്രമക്കേടുകളാണ് അഡ്വ. ചെറുന്നിയൂർ പി ശശിധരൻ നായർ കമ്മീഷൻ അന്വേഷിച്ചത്.എട്ട് അഴിമതി ആരോപണങ്ങളിൽ ഏഴും ശരിയെന്ന് തെളിഞ്ഞതായി കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
ഉപയോഗിക്കാത്ത പാത്രങ്ങൾ ശബരിമലയിൽ കുന്നുകൂടി കിടക്കുമ്പോൾ പുതിയ പാത്രങ്ങൾ വീണ്ടും വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകൾ ഹാജരാക്കി 1,81,89490 രൂപയുടെ അഴമിതി നടത്തിയതായാണ് ഒരു കണ്ടെത്തൽ. ഓഡിറ്റ് സമയത്ത് ഇതുമായി ബന്ധപ്പെട്ട രേഖകൾ മറച്ചുവച്ചതായും ഫയലുകൾ നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാതെ കോൺട്രാക്ടർമാർക്ക് പണം നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം ആരോപണവും കമ്മീഷൻ റിപ്പോർട്ടും അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വി എസ് ജയകുമാർ പറയുന്നത്.