alcahol

കാസർകോട് :. ഉപ്പള ബേക്കൂരിൽ ഇന്നലെ രാവിലെ 10 മണിയോടെ ആളുകൾ നോക്കിനിൽക്കെ യുവാവിന് വെട്ടേറ്റു. ബേക്കൂരിലെ ഗഫൂറിനെയാണ്(42) കഞ്ചാവ് സംഘം വെട്ടിയത്. റോഡരികിൽ ഗുരുതരാവസ്ഥയിൽ കിടന്ന ഗഫൂറിനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചത്്. ഇതിന് പിന്നാലെ ബേക്കൂറിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന നീലേശ്വരത്തെ ബിനുവിന്റെ മാരുതി 800 കാറും തകർത്തു.

മൂന്നാഴ്ച മുമ്പ് ഒരുസംഘം ഗഫൂറിനെ തോക്കുചൂണ്ടി കാറിൽ തട്ടിക്കൊണ്ടുപോയി മിയാപദവ് ആർ.സി ഗ്രൗണ്ടിൽ എത്തിച്ച ശേഷം കാൽ തല്ലിയൊടിച്ചിരുന്നു. 51000 രൂപ വീട്ടുകാരിൽ നിന്ന് വാങ്ങിയ ശേഷമാണ് ഗഫൂറിനെ വിട്ടയച്ചത്. പരിക്കേറ്റ ഗഫൂർ ചികിത്സ കഴിഞ്ഞ് ആശുപത്രിവിട്ടതിന് പിന്നാലെ കേസിൽ പ്രതിയായ മിയാപദവിലെ അബ്ദുൾറഹീമിനെ ഒരു സംഘം സൗഹൃദം നടിച്ച് കാറിൽ കൂട്ടിക്കൊണ്ടുപോയി ജോഡ്കൽ ബടന്തൂരിൽ വച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇന്നലെ രാവിലെയുണ്ടായ സംഭവമെന്ന് കരുതുന്നു.

കുമ്പള പൊലീസും മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തി അക്രമിസംഘത്തെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രണ്ട് മാസത്തിനിടെ കഞ്ചാവ് സംഘം ഉൾപ്പെട്ട എട്ടോളം അക്രമക്കേസുകളാണ് മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്തത്. ഇത്തരം സംഘങ്ങൾക്കെതിരെ പൊലീസ് കർശനനടപടി സ്വീകരിക്കാത്തതാണ് അക്രമങ്ങൾ പെരുകാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. രാപ്പകൽ ഭേദമില്ലാതെ സംഘങ്ങൾ തോക്കുകളും കത്തികളും അടക്കമുള്ള മാരകായുധങ്ങളുമായി കാറിൽ കറങ്ങുന്നത് സ്വൈര്യ ജീവിതത്തിന് ഭീഷണിയാകുകയാണ്.