st

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികളെ കൊവിഡിൻെറ പശ്ചാത്തലത്തിൽ റിലീഫ് ക്യാമ്പുകളൊരുക്കി പാർപ്പിച്ചിരിക്കുന്നത് കേരളത്തിലാണെന്ന് കേന്ദ്ര ചീഫ് ലേബർ കമ്മിഷണറുടെ റിപ്പോർട്ട്.

കേരളത്തിൽ 1.3 ലക്ഷം കുടിയേറ്റ തൊഴിലാളികൾ റിലീഫ് ക്യാമ്പുകളിലുണ്ട്. ഛത്തീസ്ഗഡിലാണ് ഏറ്റവുമധികം കുടിയേറ്റ തൊഴിലാളികളുള്ളത്. ഇവിടെ 11 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ട്. ഇതിൽ 8.6 ലക്ഷം പേർ വിവിധ ക്യാമ്പുകളിൽ കഴിയുകയാണ്.

കേരളത്തിൽ നിന്ന് ഒന്നര ലക്ഷം കുടിയേറ്റ തൊഴിലാളികൾ ജന്മനാട്ടിലേക്ക് തിരിച്ചു പോയി. നിലവിൽ കേരളത്തിൽ 2.95410 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ട്. 1.2 ലക്ഷം ആളുകൾ വരും ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്.

ലോക്ക്ഡൗണിൽ ഇളവ് വരുത്തിയിട്ടും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ 25 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.ഇതിൽ 10 ശതമാനം പേർ രക്ഷാ കേന്ദ്രങ്ങളിൽ കഴിയുമ്‌ബോൾ 46 ശതമാനം ആളുകൾ മറ്റ് വിവിധ കേന്ദ്രങ്ങളിലും കഴിയുന്നു.