വർക്കല: അയിരൂർ പൊലീസ് സ്റ്റേഷനിൽ സി.ഐ ആയിരിക്കവേ വീട്ടമ്മയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ കേസിൽ സസ്‌പെൻഷനിലായ അയിരൂർ മുൻ സർക്കിൾ ഇൻസ്പെക്ടർ രാജ് കുമാറിനെതിരെ പരാതിയുമായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും അദ്ധ്യാപികയായ ഭാര്യയും രംഗത്തെത്തി. വെൺകുളം ദാമോദര നിലയത്തിൽ കെ.എസ്.ഇ.ബി ജീവനക്കാരനായ ചന്ദ്രബാബുവും ഇടവയിലെ ഒരു സർക്കാർ സ്കൂളിലെ താത്കാലിക അദ്ധ്യാപികയുമായ സ്മിതയുമാണ് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയത്. കഴിഞ്ഞ ജനുവരിയിലാണ് ഇടവ വെൺകുളത്തെ ഒരു ബ്യൂട്ടിപാർലറിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്ന പേരിൽ ചന്ദ്ര ബാബുവിനും ഭാര്യയ്ക്കുമെതിരെ അയിരൂർ സി.ഐ കള്ളക്കേസെടുത്തെന്നാണ് പരാതി. കള്ളക്കേസിൽ കുടുക്കിയതിന്റെ പേരിൽ ചന്ദ്ര ബാബുവിനെ കെ.എസ്.ഇ.ബി സസ്പെൻഡ് ചെയ്തതായും കുടുംബം പറയുന്നു.