village

റോം : 25 വർഷത്തിലേറെയായി വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുകയായിരുന്ന ഇറ്റാലിയൻ ഗ്രാമം വീണ്ടും പുറംലോകത്തേക്ക് ഉയർന്നു വരാൻ പോകുന്നു. 12ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഫാബ്രിചെ ഡി കാരഗിൻ എന്ന ഗ്രാമമാണ് നീണ്ട ഇടവേളയ്ക്ക് ശേഷം തടാകം വറ്റിക്കുന്നതിലൂടെ കാണാൻ സാധിക്കുക. ലൂക്ക പ്രവിശ്യയിലെ ടൂസ്കാനിയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം 1946ൽ വാഗ്‌ലി എന്ന കൃത്രിമ തടാകത്തിന്റെയും ഡാമിന്റെയും നിർമാണത്തെ തുടർന്നാണ് മുങ്ങിപ്പോയത്.

അന്ന് ഗ്രാമത്തിൽ ജീവിച്ചിരുന്നവരെയെല്ലാം മറ്റൊരു പ്രദേശത്തേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. 1994ൽ ഡാമിലെ അറ്റകുറ്റപ്പണികൾക്കായി തടാകം വറ്റിച്ചപ്പോഴാണ് അവസാനമായി ഈ ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ പൂർണമായും കാണാൻ സാധിച്ചത്. ഇപ്പോൾ തടാകത്തിലെ ജലം വീണ്ടും വറ്റിക്കാനൊരുങ്ങുകയാണ് അധികൃതർ. കുറേശ്ശെയായി വെള്ളം നീക്കം ചെയ്തു തുടങ്ങിയതോടെ 34 ദശലക്ഷം ക്യൂബിക് മീറ്റർ ജലത്തിൽ മുങ്ങിക്കിടന്ന ഗ്രാമത്തിലെ കല്ല് കൊണ്ട് നിർമിച്ച വീടുകൾ, ഒരു പാലം, ഒരു പള്ളി, സെമിത്തേരി തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ വീണ്ടും ജലോപരിതലത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 2021 ഓടെ തടാകത്തിലെ ജലം മുഴുവൻ നീക്കം ചെയ്യപ്പെടും. അതോടെ മൺമറഞ്ഞ ഒരു ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ ആയിരക്കണക്കിന് സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ.

1946ൽ വെള്ളത്തിനിടയിലായതിന് ശേഷം 1958, 1974,1983,1994 എന്നീ നാല് വർഷങ്ങളിൽ തടാകത്തിലെ ജലം വറ്റിച്ചപ്പോഴാണ് ഇതിന് മുമ്പ് ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടത്.