കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ ജൈവ പാർക്ക് ശ്രദ്ധേയമാകുന്നു. ബ്ലോക്കിലെ എൻ.ആർ.ഇ.ജി.എസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ജൈവ പാർക്ക് ഒരുക്കുന്നത്. നാളെയുടെ തണലിനായി ഇന്നേ നമുക്ക് വൃക്ഷതൈ നടാം പദ്ധതിയുമായി ബ്ലോക്കിലെ നഴ്സറിയിൽ മുളപ്പിച്ചെടുത്ത വൃക്ഷതൈ കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് കെട്ടിട പരിസരത്ത് നടുമ്പോൾ ഇവർക്ക് നിറഞ്ഞ ചാരിതാർത്ഥ്യമായിരുന്നു. കൂടാതെ എൻ.ആർ.ഇ.ജി.എസിന്റെ നേതൃത്വത്തിൽ ഈ ആഴ്ച തന്നെ ബ്ലോക്കിന് കീഴിലെ കരവാരം, മടവൂർ, നഗരൂർ, നാവായിക്കുളം, പള്ളിക്കൽ, കിളിമാനൂർ, പഴയകുന്നുമ്മൽ പഞ്ചായത്തുകളിലായി നാല്പതിനായിരം വൃക്ഷ തൈകൾ വിതരണം ചെയ്യും. ഇത് നടന്നത് മുതൽ ഓരോ വളർച്ചയിലും ഇവരുടെ മേൽനോട്ടവും സംരക്ഷണവും ഉണ്ടാകും. ഈ തൈകളും ബ്ലോക്കിലെ നഴ്സറിയിൽ ഉത്പാദിപ്പിച്ചവയാണ്. ഹരിത കേരള മിഷൻ പരിസ്ഥിതി പുനർ സ്ഥാപനത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് "പച്ചത്തുരുത്ത് " പദ്ധതി ആവിഷ്കരിച്ചപ്പോൾ ഒരുക്കിയ കൃത്രിമ വനത്തിലാണ് ഔഷധ സസ്യങ്ങളും, ഫലവൃക്ഷതൈകളും നിറഞ്ഞു നിൽക്കുന്നത്.