തിരുവനന്തപുരം: അമ്പലത്തറ മിൽമ പ്ലാന്റിലെ അമോണിയ വാതക ചോർച്ച പൂർണമായും നിയന്ത്രണ വിധേയമായി. കഴിഞ്ഞ ദിവസം രാത്രിതന്നെ ചാക്ക ഫയർസ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചിരുന്നു. ടാങ്കിൽ നിന്നും പുറത്തേക്ക് ഒഴുകിയ അമോണിയ മഴയായതിനാൽ നിലത്ത് കെട്ടിക്കിടന്നത് കാരണം ജീവനക്കാരുടെയും സമീപവാസികളുടെയും കണ്ണിന് അസ്വസ്ഥയുണ്ടാക്കിയിരുന്നു. അമോണിയ കെട്ടിക്കിടന്നതോടെ വെള്ളം പമ്പുചെയ്‌ത് ഒഴുക്കിക്കളയുകയും പ്രദേശത്ത് ചെറിയ വെള്ളക്കെട്ട് ഉണ്ടാകുകയുമായിരുന്നു. ഇതോടെ വെള്ളത്തിൽ ലയിച്ച അമോണിയ അന്തരീക്ഷ വായുവിൽ കലർന്നതാണ് സമീപവാസികളിൽ അസ്വസ്ഥതയുണ്ടാക്കിയത്. പ്ലാന്റിലെ ജല ശീതീകരണടാങ്കിൽ നിന്നാണ് അമോണിയ ചോർന്നത്. സംഭവമറിഞ്ഞ് ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്ലാന്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അമോണിയ ചോർച്ച പൂർണമായും നിയന്ത്രണ വിധേയമാണെന്നും ചോർച്ച വീണ്ടും ഉണ്ടാകാതിരിക്കാനുള്ള പരിശോധനകൾ നടത്തുമെന്നും മിൽമ മേഖല ചെയർമാൻ കല്ലട രമേശ് പറഞ്ഞു.