പാറശാല: പാറശാല ഗ്രാമപഞ്ചായത്തിലെ അയ്ങ്കാമം വാർഡ് ജനത ഒന്നടങ്കം ഒരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് - തങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ വാർഡിലേക്ക് കേരളത്തിന്റെ വക റോഡ് നിർമ്മിക്കണം. ഇരുപത്തിമൂന്ന് വാർഡുകളുള്ള പാറശാല ഗ്രാമപഞ്ചായത്തിലെ അയ്ങ്കാമം വാർഡ് പൂർണമായും, ഇഞ്ചിവിള, വന്യക്കോട് വാർഡുകൾ ഭാഗികമായും തമിഴ്‌നാടിനാൽ ചുറ്റപ്പെട്ട് കിടക്കുന്നവയാണ്. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമായി ഈ പ്രദേശത്തെ എല്ലാ റോഡുകളും തമിഴ്നാട് അടച്ചതാണ് സ്വന്തം റോഡ് നിർമ്മിക്കണം എന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നതിന് കാരണം. ലോക്ക് ഡൗൺ സമയത്ത് അയ്ങ്കാമത്തുകാർക്ക് പാറശാലയിലെ ധനകാര്യ സ്ഥാപനങ്ങളിലോ, ബാങ്കുകളിലോ, പോസ്റ്റ് ഓഫീസിലോ എത്തി പണമിടപാടുകൾ നടത്തുന്നതിനോ മറ്റോ കഴിയാതെ വന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് താത്കാലികമായി ചില തടസങ്ങൾ തമിഴ്നാട് നീക്കം ചെയ്തു. എന്നാൽ ഭാവിയിൽ എന്തെങ്കിലും കാരണം പറഞ്ഞ് റോഡ് അടച്ചാൽ അയ്ങ്കാമം വീണ്ടും ഒറ്റപ്പെടും. തമിഴ്‌നാട്ടിൽ പ്രവേശിക്കാതെ തന്നെ കേരളത്തിന്റെ പ്രദേശങ്ങളിലെത്താൻ കഴിയുന്ന രീതിയിൽ പാറവിള -അയ്ങ്കാമം റോഡ് നിർമ്മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഇതിന്, പകുതി വഴിയിൽ എത്തിനിൽക്കുന്ന ഇഞ്ചിവിള - അരുവാങ്കോട് - പാറവിള റോഡ് നിർമ്മാണം പൂർത്തിയാക്കേണ്ടതാണ്. ഇതിനായി സ്ഥലംവിട്ടുകൊടുക്കാൻ നാട്ടുകാർ തയ്യാറാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡ് നിർമ്മാണത്തിനാവാശ്യമായ നടപടികൾ കൈക്കൊള്ളണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
ഒറ്റപ്പെടൽ പൂർണം
അയ്ങ്കാമത്ത് നിന്നും ഒറ്റാമരം വഴിയും, ആമ്പാടി വഴിയും, കോഴിവിള വഴിയും ദേശീയപാതയിലും തീരദേശ റോഡിലുമെത്തി പാറശാലയിൽ വരാൻ കഴിയുമെങ്കിലും, തമിഴ്‌നാട് സർക്കാരിന്റെ നിയന്ത്രണത്തിലായതിനാൽ ഇവയെല്ലാം തന്നെ ലോക്ക് ഡൗൺ കാലത്ത് മണ്ണിട്ട് അടച്ചു. തമിഴ്നാടിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ കേരളത്തിലെ ജനങ്ങൾക്ക് കേരളത്തിലേക്ക് എത്താൻ കഴിയുകയുള്ളൂ എന്ന നിലയായി. ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്.
അയ്ങ്കാമത്തുള്ളത്
എൽ.പി സ്കൂൾ
മൂന്ന് അങ്കണവാടികൾ
രണ്ട് റേഷൻ കടകൾ
അതിർത്തിയിലായി ബിവറേജസ് ഔട്ട്ലെറ്റ്
പ്രദേശത്തുള്ളത് 1200ൽ അധികം കുടുംബങ്ങൾ
പ്രതികരണം: ഇഞ്ചിവിള - അരുവാങ്കോട് - പാറവിള റോഡ് നിർമ്മാണം ത്വരിതപ്പെടുത്തണം. അയ്ങ്കാമത്തേക്ക് കേരളത്തിന്റെ വക റോഡിലൂടെ എത്തുന്നതിന് നാട്ടുകാർക്ക് അവസരം ഒരുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണം.
ടി.കെ.വിശ്വംഭരൻ, മുൻ വാർഡ് മെമ്പർ.