vakkom

വക്കം: വക്കം ഗ്രാമ പഞ്ചായത്തിലെ റോഡുകൾ മഴയിൽ വെള്ളക്കെട്ടുകളായി. പ്രധാന റോഡായ നിലയ്ക്കാമുക്ക് - കായിക്കരക്കടവ് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിൽ ഒരു ഡസനിലധികം സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഇട റോഡുകളാൽ സമ്പന്നമായ വക്കം ഗ്രാമ പഞ്ചായത്തിൽ 14 വാർഡുകളിലുമായി മുപ്പതിലധികം ഇട റോഡുകളിൽ നിലവിൽ വെള്ളക്കെട്ടുണ്ട്.

ഭൂരിപക്ഷം റോഡുകളിലും മലിനജലം ഒഴുകി പോകാനുള്ള ഓടകൾ ഇല്ല. ഉള്ളവയിൽ മഴക്കാലപൂർവ ശുചീകരണവും നടത്തിയിട്ടില്ല. നിലയ്ക്കാമുക്ക് - വക്കം റോഡിൽ ആങ്ങാവിള വരെ ഓടയുണ്ടെങ്കിലും മണ്ണും പാഴ് വസ്തുക്കളും കൊണ്ട് നിറഞ്ഞതിനെ തുടർന്ന് മഴ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്.

വക്കം ചന്തമുക്ക് ജംഗ്ഷനിലെ വെള്ളക്കെട്ടും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വെള്ളക്കെട്ടിന് പരിഹാരമായി പലയിടങ്ങളിലും ഇന്റർലോക്ക് സംവിധാനത്തിൽ നിർമ്മിച്ച റോഡുകളിൽ നിർമ്മാണപ്പിഴവ് വ്യാപകമെന്ന് പരാതി ഉയർന്നിട്ടുണ്ട്. വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിഞ്ഞതുമില്ല. വക്കം പുളിവിളാകം - മുക്കാലവട്ടം റോഡ്, പുന്നക്കുട്ടം - വിളയിൽ റോഡ്, തുടങ്ങിയ റോഡുകളിലെ ഇന്റർലോക്ക് സംവിധാനം തകർന്ന നിലയിലാണ്. വക്കം മാർക്കറ്റ് ജംഗ്ഷനിൽ വെള്ളക്കെട്ടിന് പരിഹാരമായി നിർമ്മിച്ച ഇന്റർലോക്ക് സംവിധാനം സ്ഥിരം വെള്ളക്കെട്ടാക്കി മാറ്റി. വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ മുന്നിലെ ഇന്റർലോക്ക് സംവിധാനവും ഇതിനകം തകർന്ന് കഴിഞ്ഞു.

വക്കത്തെ കോടം പള്ളി റോഡ്, ഹൈസ്കൂൾ റോഡിലെയും വെള്ളക്കെട്ട് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പല ഇടറോഡുകളിലും വെള്ളക്കെട്ടിൽ നിന്ന് മോചനം ലഭിക്കാനായി ഇന്റർലോക്ക് സംവിധാനം ഏർപ്പെടുത്തിയത് ഇപ്പോൾ വിനയായി. ഈ റോഡുകളിൽ വാഹനത്തിരക്ക് കുറവായിരുന്നിട്ടും മാസങ്ങൾക്കുള്ളിൽ തന്നെ ഇന്റർലോക്ക് സംവിധാനം തകരാൻ തുടങ്ങി.

പുന്നകുട്ടം റോഡ് നവീകരിച്ചിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഇവിടെ ഇതിനകം തന്നെ തകർച്ചയും തുടങ്ങി.

റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ടവർ ഗ്രാമപഞ്ചായത്ത് കാര്യലയത്തിലിരുന്ന് കൈകാര്യം ചെയ്തതാണിതിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഇന്റർലോക്ക് പാകിയ ശേഷം അതിന്റെ വിടവിൽ മണലോ, പാറപ്പൊടിയോ നിറയ്ക്കാതിരുന്നതും അതിന് ശേഷം മുകളിൽ റോളർ ഉരുട്ടാതിരുന്നതും ഇന്റർലോക്കുകളുടെ ആയുസ് കുറച്ചെന്ന് വിദഗ്ദ്ധർ പറയുന്നു.