covid

തിരുവനന്തപുരം- പബ്ളിക്ക് ഹെൽത്ത് നഴ്സ് മുതൽ ടെക് നിക്കൽ അസിസ്റ്റന്റ് വരെ ആരോഗ്യവകുപ്പിലെ വിവിധ തസ്തികകളിലെ റിട്ടയർമെന്റ് ഒഴിവുകൾ നികത്താൻ നടപടിയില്ലാത്തത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്നു. നാടാകെ ഭീതിയിലായ കൊവിഡ് മഹാമാരിക്കും മഴക്കാല രോഗങ്ങൾക്കുമെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ജീവനക്കാരുടെ ഒഴിവുകളാണ് നികത്തപ്പെടാത്തത്. ഇക്കഴിഞ്ഞ മാർച്ച് മുതൽ മെയ് 31 വരെ മൂവായിരത്തോളം ജീവനക്കാരാണ് ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ചത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാതലങ്ങളിൽ നേരിട്ട് പ്രവർത്തിക്കുന്ന മാസ് മീഡിയ ഓഫീസർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, മലേറിയ ഓഫീസർ, താഴെത്തട്ടിലെ ഹെൽത്ത് സൂപ്പർ വൈസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലാണ് മൂവായിരത്തോളം ജീവനക്കാരുടെ ഒഴിവുകൾ നികത്താനുള്ളത്. ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ വിരമിച്ചവർക്ക് പകരം അഡ്‌ഹോക് നിയമനം നൽകി ഉത്തരവിറങ്ങാത്തത് പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ ഓഫീസുകളിൽ

ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 1,​ ഗ്രേഡ് 2 തസ്തികകളിൽ 18 ഒഴിവുകൾ നിലവിലുണ്ട്.

ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സ്ഥാനക്കയറ്റ തസ്തികകളാണ് ടെക്‌നിക്കൽ അസിസ്റ്റന്റിന്റേതും മാസ് മീഡിയ ഓഫീസർമാരുടേതും. ജില്ലയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ജീവനക്കാരാണിവർ. ഹെൽത്ത് സൂപ്പർവൈസർ തസ്തികയിൽനിന്ന് ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നിലച്ചിട്ട് നാലു വർഷമായതായി ആരോഗ്യവകുപ്പ് ജീവനക്കാ‌ർ ചൂണ്ടിക്കാട്ടുന്നു.

ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിൽ 12 ഒഴിവും ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് തസ്തികയിൽ അഞ്ച്‌ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. നാല് ജില്ലകളിൽ മാസ് മീഡിയ ഓഫീസർമാരുടെ ഒഴിവും നികത്തിയിട്ടില്ല. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏകോപിപ്പിക്കുന്നതിനോടൊപ്പം മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്നതടക്കമുള്ള ചുമതലയാണ് മാസ് മീഡിയ ഓഫീസർമാർക്കുള്ളത്. ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നുണ്ടെങ്കിലും പുതുതായി എത്തുന്നവരുടെ പരിചയക്കുറവ് കൊവിഡ് പോലുള്ള സാഹചര്യങ്ങളിൽ പ്രതിസന്ധിയായിരിക്കുകയാണ്. വിരമിച്ച ജീവനക്കാ‌ർ ജോലിക്ക് സന്നദ്ധരാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അവർക്ക് താൽക്കാലിക നിയമനം നൽകാനുള്ള നടപടികളും ജില്ലാ മെഡിക്കൽ ഓഫീസുകളിൽനിന്നുണ്ടാകുന്നില്ല. കാലവർ‌ഷം ശക്തമാകുകയും മഴക്കാല രോഗങ്ങൾ പടർ‌ന്ന് പിടിക്കുകയും ചെയ്യുന്നതിന് മുമ്പ് നിയമനത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആവശ്യം.