എറണാകുളം: പ്രളയം ഉണ്ടായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ വിശദീകരണം.
കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇടുക്കിയിൽ അടക്കം എല്ലാ ഡാമുകളിലും ജലനിരപ്പ് സാധാരണയിലും താഴെയാണ്. ശക്തമായ മഴ ഉണ്ടായാൽ നേരിടാൻ ഓരോ ഡാമുകൾക്കും കർമപദ്ധതി ഉണ്ട്. ഡാമുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ശരാശരിയോ അതിനുമുകളിലുള്ള മഴ മാത്രമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്.
അത്തരം മഴ ഉണ്ടായാൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ല. ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച വിവിധ വകുപ്പുകൾ നിരന്തരം പരിശോധനകൾ നടത്തുന്നുണ്ട് എന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ഡാമുകൾ തുറന്നു വിട്ടതല്ല അപ്രതീക്ഷിതമായി ഉണ്ടായ അതിശക്തമായ മഴയാണ് 2018ലെ പ്രളയ കാരണമെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി.
പ്രളയ സാദ്ധ്യത മുന്നിൽ കണ്ട് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് അയച്ച കത്തിനെ തുടർന്നാണ് വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.