ആറ്റിങ്ങൽ: ലോക്ക് ഡൗണിന് ശേഷമുള്ള സർവീസുകളിലെ വൻ നഷ്ടം കാരണം സർവീസ് തുടരാനാകാതെ ആറ്റിങ്ങലിലെ സ്വകാര്യ ബസുകൾ വെള്ളിയാഴ്ച ഉച്ചയോടെ ഓട്ടം നിറുത്തി.
പ്രശ്നത്തിന് പരിഹാരമുണ്ടാകുകയോ നിരക്ക് വർദ്ധിപ്പിക്കുകയോ ചെയ്യുന്നത് വരെ സർവീസ് നടത്തേണ്ടെന്നാണ് ഓണേഴ്സ് അസോസിയേഷന്റെ തീരുമാനം. പ്രതിഷേധമല്ലെന്നും കനത്ത നഷ്ടം സഹിച്ച് സർവീസ് നടത്താനാകാത്തതിനാലാണ് തീരുമാനമെന്നും നേതാക്കൾ പറഞ്ഞു.
പ്രതിദിനം ഓരോ ബസിനും ശരാശരി 5000 രൂപ നഷ്ടം സഹിച്ചാണ് ഓടിയിരുന്നത്. യാത്രക്കാരുടെ കുറവും യാത്രാനിയന്ത്രണങ്ങളുമാണ് നഷ്ടത്തിന് കാരണമാകുന്നതെന്ന് അവർ പറയുന്നു.
ലോക്ക് ഡൗൺ കാലത്ത് 70 ദിവസം സർവീസ് നടത്താതിരുന്ന ബസുകളാണ് പ്രതീക്ഷയോടെ നിരത്തിലിറങ്ങിയത്. ഒരു ദിവസം 8000 രൂപയെങ്കിലും കിട്ടിയാലേ നഷ്ടമില്ലാതെ ബസ് ഓടിക്കാനാവൂ. ഇപ്പോൾ ശരാശരി 3000 രൂപ മാത്രമാണ് ലഭിക്കുന്നത്. ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനോ പോലും ഇത് തികയുന്നില്ല. ഈ മേഖലയുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിൽ മാത്രം ആയിരക്കണക്കിന് തൊഴിലാളികൾ തന്നെയുണ്ട്. അവരെല്ലാം തൊഴിൽ നഷ്ടപ്പെട്ട് വിഷമിക്കുകയാണ്. കൂടാതെ ബസ് ഓണർമാരുടെ അവസ്ഥ അതിലും പരിതാപമാണെന്നും ഭാരവാഹികൾ പറഞ്ഞു.