തിരുവനന്തപുരം: കൊവിഡ് മഹാമാരി ഉടനെയൊന്നും വിട്ടൊഴിയില്ലെന്ന യാഥാർത്ഥ്യമുൾക്കൊണ്ട് അതിനൊപ്പം സഞ്ചരിക്കാൻ പാർട്ടി സംവിധാനം സി.പി.എം പാകപ്പെടുത്തുന്നു
ലോക്ക് ഡൗൺ മൂലമുണ്ടായ നീണ്ട ഇടവേള അവസാനിപ്പിച്ച് പാർട്ടി പൊളിറ്റ്ബ്യൂറോ യോഗം കഴിഞ്ഞദിവസം വെർച്വലായി ചേർന്നതിന് പിന്നാലെ, സംസ്ഥാന കമ്മിറ്റി യോഗവും അതേ രീതിയിൽ 12ന് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങൾ ഒരു മാസം മുമ്പ് പുനരാരംഭിച്ചെങ്കിലും, സംസ്ഥാന കമ്മിറ്റി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചേരുന്നത്.സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അതത് ജില്ലകളിലെ ജില്ലാക്കമ്മിറ്റി ഓഫീസുകളിലിരുന്നാവും പങ്കെടുക്കുക. ജില്ലാ കമ്മിറ്റി ആസ്ഥാനങ്ങളിൽ ഇതിനുള്ള സംവിധാനങ്ങൾ സജ്ജമാക്കി. സെക്രട്ടേറിയറ്റംഗങ്ങളിൽ സാദ്ധ്യമായവർ തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലെത്തും. കഴിഞ്ഞ പി.ബി യോഗ തീരുമാനത്തിന്റെ റിപ്പോർട്ടിംഗാണ് മുഖ്യ അജൻഡ. കൊവിഡ് കാലത്തെ പാർട്ടി പ്രവർത്തനത്തിൽ ഏറ്റെടുക്കേണ്ടതും, നടത്തിവരുന്നതുമായ പ്രവർത്തനങ്ങളുടെ വിലയിരുത്തലുമുണ്ടാവും. കൊവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ തെറ്റായ നയങ്ങൾ അടിച്ചേല്പിക്കാൻ ശ്രമിക്കുകയാണെന്ന് വിലയിരുത്തിയ പി.ബി യോഗം ,ഇതിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് തീരുമാനിച്ചിട്ടുണ്ട്. 16ന് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഒരുക്കങ്ങളും ചർച്ചയാവും. സുഭിക്ഷകേരളം പദ്ധതി, ഓൺലൈൻ പഠനസാമഗ്രികൾ എല്ലാവരിലുമെത്തിക്കാനുള്ള ഇടപെടൽ മുതലായവയും ചർച്ചയാവും.
ഇതേ രീതിയിൽ കീഴ്ഘടക യോഗങ്ങളും വരും നാളുകളിൽ ചേരും. താഴെത്തട്ടിലടക്കം പാർട്ടി പ്രവർത്തനം സജീവമായി പുനരുജ്ജീവിപ്പിക്കുന്നതിന് നവമാദ്ധ്യമ കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ പരിതസ്ഥിതിയിൽ സാധാരണ കാലത്ത് നടത്തിവന്ന രാഷ്ട്രീയപ്രവർത്തനം തുടരാൻ പരിമിതിയുണ്ടെന്നും, വാർത്താവിനിമയരംഗത്തെ സാങ്കേതികമേന്മ ഉപയോഗപ്പെടുത്തി ഇതിന് പരിഹാരം കാണണമെന്നും കഴിഞ്ഞ ദിവസം പാർട്ടി പത്രത്തിലെ ലേഖനത്തിൽ പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള നിർദ്ദേശിച്ചിരുന്നു.