തിരുവനന്തപുരം: യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന് സർവകലാശാലകൾക്ക് നല്ല പങ്ക് വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാരുമായി കൈകോർത്ത് കേരള സർവകലാശാല നടത്തുന്ന ഹരിതാലയം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒറ്റവർഷം കൊണ്ട് 3860 കോടി രൂപയാണ് സംസ്ഥാനത്തെ കാർഷിക മേഖലയിൽ ചെലവിടാൻ ഉദ്ദേശിക്കുന്നത്. കൃഷിക്കു മാത്രം 1449 കോടി രൂപ ചെലവിടും. 25,000 ഹെക്ടർ തരിശുഭൂമിയിൽ കൃഷി ചെയ്യും. വലിയ ജനകീയ കാമ്പെയിൻ ആയി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി വിജയിപ്പിക്കാൻ മുഴുവൻ ആളുകളും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.