kerala-congres

തിരുവനന്തപുരം: ഒരു കാട്ടിൽ രണ്ട് സിംഹങ്ങൾ വേണ്ടെന്ന ഭാവത്തിൽ കേരള കോൺഗ്രസിൽ പി.ജെ. ജോസഫും ജോസ് കെ.മാണിയും മപ്പടിച്ച് നിൽക്കുന്നത് ഇടത്, വലത് മുന്നണികളിൽ ആകാംക്ഷയേറ്റുന്നു. പ്രതീക്ഷയും.

കേരള കോൺഗ്രസ് തർക്കത്തിൽ തലയിട്ട് യു.ഡി.എഫിൽ ആശയക്കുഴപ്പം മൂർച്ഛിപ്പിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. തൽക്കാലം കാത്തിരുന്ന് കാണുക. സമയമാകുമ്പോൾ രണ്ടിലൊരു കൂട്ടർ മുന്നണി വിടാം. ഭാവിസാദ്ധ്യത കണ്ടറിഞ്ഞുള്ള പ്രതികരണം സി.പി.എമ്മിൽ നിന്നുണ്ടായിക്കഴിഞ്ഞു. യു.ഡി.എഫ് വിട്ടുവരുന്ന കക്ഷികളുമായി ചർച്ചയ്ക്ക് തയാറെന്ന് കഴിഞ്ഞയാഴ്ച സൂചിപ്പിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുന്നണിയിൽ പലരും വരുമെന്ന് ഇന്നലെ കടത്തിപ്പറഞ്ഞു. എന്നാൽ, സി.പി.എമ്മിന്റെ നീക്കം പരാജയഭീതിയാലാണെന്നും ,മുട്ടനാടുകളെ കൂട്ടിയിടിപ്പിക്കാൻ ശ്രമിച്ച കുറുക്കന്റെ അവസ്ഥയാവും സംഭവിക്കുകയെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൈയോടെ തിരിച്ചടിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവശേഷിക്കുന്ന കാലം ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയുടെ നിർദ്ദേശം ജോസ് പക്ഷം തള്ളിയത് കോൺഗ്രസിനെ വെട്ടിലാക്കി. രണ്ട് എം.പിമാരുള്ള ജോസ് വിഭാഗം യു.പി.എ ഘടകകക്ഷിയായതിനാൽ പിണക്കുക പ്രയാസം. അഥവാ ,പിണക്കേണ്ടി വന്നാലും പാപഭാരം സംസ്ഥാനനേതൃത്വത്തിന്റെ തലയിലാവും.

തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലിലാണ്. തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും. കേരള കോൺഗ്രസിലെ രണ്ടിലൊരു കൂട്ടർ തർക്കിച്ച് മുന്നണി വിടുന്നത് കോൺഗ്രസിനുണ്ടാക്കുക കടുത്ത ക്ഷീണമാവും.

കേരള കോൺഗ്രസുകളിലെ ഒരു പ്രബലവിഭാഗം കൂടെയുണ്ടാവുന്നത് മദ്ധ്യതിരുവിതാംകൂറിൽ ഗുണമാകുമെന്ന് കരുതുന്ന സി.പി.എമ്മിന് ജോസും ജോസഫും 'പ്രിയങ്കരരാ'ണ്. ജനാധിപത്യ, സ്കറിയാ തോമസ് കേരള കോൺഗ്രസുകൾ ഇടതുചേരിയിലുണ്ടെങ്കിലും, ജോസഫിനും ജോസിനും കിട്ടുന്ന സ്വീകാര്യത വേറെയാണെന്ന തിരിച്ചറിവാണ് ഇടതു നേതൃത്വത്തിന് ആവേശം പകരുന്നത്.