തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷൻ രാജ്യത്തെ നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. സി.പി.എമ്മാണ് കോടതിയും പൊലീസുമെന്ന കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈന്റെ മനോഭാവം നിയമവ്യവസ്ഥ അംഗീകരിക്കുന്നില്ലെന്നതിനു തെളിവാണ്. കോടതികളെയാണോ പാർട്ടിക്കോടതിയെയാണോ അനുസരിക്കുന്നതെന്ന് അവർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ നിയമ വ്യവസ്ഥയോട് കൂറുമില്ലെന്ന് പരസ്യമായി വ്യക്തമാക്കിയ ജോസഫൈൻ കമ്മിഷൻ അധ്യക്ഷസ്ഥാനം രാജിവയ്ക്കണം. സി.പി.എം നേതാവ് പി.കെ.ശശിക്കെതിരെ പീഡന പരാതി വന്നപ്പോൾ പാർട്ടി തന്നെ അന്വേഷണം നടത്തി ശശിയെ രക്ഷപ്പെടുത്തിയതിന് കൂട്ടുനിന്ന ജോസഫൈൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല. പ്രതിസ്ഥാനത്ത് സി.പി.എം നേതാക്കളാണെങ്കിൽ നമ്മുടെ നിയമവ്യവസ്ഥയനുസരിച്ച് പ്രവർത്തിക്കുന്നതിനു പകരം പാർട്ടി തന്നെ നിയമം നടപ്പാക്കുന്ന ശൈലിയാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയ പ്രതിയോഗികളോടും ഇതേ സമീപനമാണ് സി.പി.എം പിന്തുടരുന്നതെന്നും സുരേന്ദ്രൻ കുറ്രപ്പെടുത്തി..