dr-biswas-mehta
Dr Biswas Mehta

തിരുവനന്തപുരം: ഉയർന്ന വിദ്യാഭ്യാസ നിലവാരവും നിയമങ്ങൾ അനുസരിക്കുന്ന സ്വഭാവവുമുള്ള മലയാളികൾക്ക് കൊവിഡിനെ അതിജീവിക്കാൻ കഴിയുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേരളകൗമുദിയോട് പറഞ്ഞു. കൊവിഡ് നിയന്ത്രണത്തിന്റെ പ്രത്യേക ചുമതലക്കാരൻ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായി ചുമതലയേറ്റശേഷവും പ്രാധാന്യം നൽകുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ്

ജൂൺ 1നാണ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.എന്നാൽ ഉദ്യോഗസ്ഥ ഭരണത്തലവൻ എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ നടപ്പാക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറയുന്നു. ഇത് അതിജീവനത്തിന്റെ സമയമാണ്.

വിദേശത്ത് നിന്ന് മലയാളികൾ വന്നതുകൊണ്ടാണ് ഇപ്പോൾ രോഗികളുടെ എണ്ണം കൂടുന്നത്. അതിൽ ആശങ്കപ്പെടാനില്ല. കാരണം കേരളത്തിൽ മരണനിരക്ക് തീരെ കുറവാണ്. ഇനി രോഗം പകരാതിരിക്കാനുള്ള തയ്യാറെടുപ്പാണ് വേണ്ടത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നോ‌ഡൽ ഓഫീസറെന്ന ചുമതല നോക്കിയിരുന്നതിനാൽ ഇക്കാര്യത്തിൽ നല്ല ബോദ്ധ്യമുണ്ട്.

 കൂടുതൽ ജാഗ്രത വേണം

കണ്ണൂരിൽ മാത്രമാണ് സാമൂഹ്യ വ്യാപനത്തിന്റെ സൂചനകളുള്ളത്. അവിടെ നിയന്ത്രണങ്ങൾ ശക്തമാക്കും.

കേന്ദ്രസർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശങ്ങൾക്കനുസൃതമായി കാര്യങ്ങൾ നടപ്പിലാക്കുകയാണ്. ഇളവുകൾ എല്ലാമേഖലകളിലും വ്യാപകമായിക്കഴിഞ്ഞു. ഇനിയാണ് കൂടുതൽ ജാഗ്രത വേണ്ടത്.

രണ്ടുമാസം മുമ്പ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ രോഗത്തെക്കുറിച്ച് നാട്ടുകാർക്ക് വ്യക്തമായ ധാരണയില്ലായിരുന്നു. ഇന്ന് സ്ഥിതിഗതികൾ മാറി. ആളുകൾ വളരെ ബോധവാന്മാരാണ്. സർക്കാർ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ഒറ്രപ്പെട്ട വീഴ്ചകൾ ഉണ്ടാകാം. അത് ജനങ്ങളാണ് തിരുത്തേണ്ടത്. എല്ലാം സർക്കാരിന് ചെയ്യാൻ കഴിയില്ല. ജനങ്ങളെ കൃത്യമായി ബോധവത്കരിക്കുന്നതിൽ മാദ്ധ്യമങ്ങൾക്കും വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നു വിശ്വാസ് മേത്ത പറയുന്നു.