കല്ലമ്പലം: പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടീലുമായി ബന്ധപ്പെട്ട് കോൺഗ്രസുകാർക്കിടയിലെ തർക്കം തമ്മിലടിയിലും വീടുകയറിയുള്ള ആക്രമണത്തിലും കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നടയറ സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. ഐ.എൻ.ടി.യു.സി ജില്ലാഭാരവാഹിയായ നൈസാം (36), കോൺഗ്രസ് പ്രവർത്തകരായ കുഞ്ഞുമോൻ (37), ഷെരീഫ് (36) എന്നിവരാണ് അറസ്റ്റിലായത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിന്റെ വീടാണ് ഒരു സംഘം ആക്രമിച്ചത്. ഇന്നലെ രാവിലെ 10ഓടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 വൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടനം വർക്കല മൈതാനം പാർക്കിൽ സംഘടിപ്പിച്ചിരുന്നു. പരിപാടി നടക്കുമ്പോൾ കെ.എസ്.യുവിന്റെ നേതൃത്വത്തിലുള്ള സംഘവും തൈ നടീലുമായി ബന്ധപ്പെട്ട് അവിടെയെത്തി. തുടർന്നുള്ള വാക്കേറ്റവും കൈയാങ്കളിയും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. അവിടെ നിന്നു പിരിഞ്ഞ ശേഷം ഉച്ചയോടെ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിന്റെ വീട്ടിൽ ഒരു സംഘം അതിക്രമിച്ചു കയറി. അക്രമിസംഘം നബീലിന്റെ സഹോദരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും വീടിന്റെ ജനൽപാളികൾക്കും മറ്റും കേടുപാടുകൾ വരുത്തിയെന്നുമായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കല്ലമ്പലം സി.ഐ ഫിറോസ്, എസ്.ഐമാരായ നിജാം, സനിൽകുമാർ, സി.പി.ഒമാരായ ഷാൻ, പ്രശാന്ത്, അശോകൻ, മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.