naufal

തിരുവനന്തപുരം: കണിയാപുരം സ്വദേശികളായ നൗഫലും സുഹൃത്തുക്കളുമാണ് മാനഭംഗത്തിനിരയായ യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്. രാത്രി എട്ടോടെ സുഹൃത്തുക്കളുടെ വീട്ടിൽ നിന്ന് വരുമ്പോൾ നൗഫലിന്റെ കാറിന് മുന്നിലേക്ക് അമ്മയും കുഞ്ഞും പരിഭ്രാന്തിയോടെ ചാടിവീണ് കൈകാണിച്ച് കാർ നിറുത്തിച്ചു. ''തന്നെ കുറച്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന്'' അർദ്ധബോധാവസ്ഥയിൽ അവർ പറഞ്ഞു. ആദ്യം പകച്ചുപോയെങ്കിലും സുഹൃത്ത് ഷാജുവിനൊപ്പം പോത്തൻകോട്ടെ വീട്ടിലെത്തിച്ചു. കാറിൽ പോകുമ്പോൾ തന്നെ പൊലീസിനെയും വിവരമറിയിച്ചിരുന്നു. പൊലീസ് എത്തുംവരെ വീട്ടിൽ കാവൽ നിന്നു. ഈ സമയം സഹായത്തിനായി സുഹൃത്തുക്കളായ ജവാദിനെയും ഫാറൂഖിനെയും വിളിച്ചുവരുത്തി. പൊലീസെത്തും മുൻപ് ഭർത്താവെത്തി സ്ത്രീയെയും കുഞ്ഞിനെയും കൊണ്ടുപോകാൻ ശ്രമിച്ചു. വിടാതെ ഭർത്താവിനെ പിടിച്ചുനിറുത്തി. ഭാര്യയ്‌ക്കൊപ്പം ചേർന്ന് മദ്യപിച്ചതല്ലാതെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും ഭാര്യ കള്ളം പറയുന്നതാണെന്നും, ചോദിക്കാൻ നിങ്ങളാരാണെന്നും ആക്രോശിച്ചുകൊണ്ട് തങ്ങൾക്ക് നേരെ തിരിഞ്ഞു. എന്നിട്ടും അയാളെ തടഞ്ഞുനിറുത്തി പൊലീസിനെ ഏൽപ്പിച്ചു. കുഞ്ഞ് അപ്പോഴും പേടിച്ച് കട്ടിലിന് അടിയിൽ കയറിയിരുന്ന് കരയുകയായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അമ്മയെയും മകനെയും രക്ഷിച്ചതിൽ അഭിമാനം തോന്നുന്നതായും യുവാക്കൾ പറഞ്ഞു. കാര്യവട്ടം ഗവൺമെന്റ് കോളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കി നിൽക്കുകയാണ് നൗഫലും ജവാദും ഫാറൂഖും.