തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അർബുദ രോഗിയുടെ കൈയിൽ നിന്നും നഷ്ടപ്പെട്ട പണമടങ്ങിയ പഴ്‌സ് സുരക്ഷാ വിഭാഗം ജീവനക്കാർ കണ്ടെത്തി തിരികെ നൽകി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മണക്കാട് സ്വദേശിയായ വൃദ്ധന്റെ പക്കലുണ്ടായിരുന്ന 16,020 രൂപയും, എ.ടി.എം കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകളുമടങ്ങുന്ന പഴ്സാണ് നഷ്ടപ്പെട്ടത്. പഴ്സ് നഷ്ടപ്പെട്ടത് ഇദ്ദേഹം അറിഞ്ഞിരുന്നില്ല. സുരക്ഷാ വിഭാഗം ജീവനക്കാർക്ക് ആശുപത്രിയുടെ പ്രധാന കവാടത്തിനു സമീപത്തു നിന്നാണ് പഴ്സ് ലഭിച്ചത്. അതിൽ നിന്നും ലഭിച്ച ഫോൺ നമ്പരിൽ വിളിച്ചു ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. സെക്യൂരിറ്റി ഓഫീസർ ഇൻ ചാർജ് എൻ.എസ്. ശ്രീകുമാർ, സാർജന്റുമാരായ അശോകൻ, പ്രവീൺ രവി, ഷിബു എന്നിവരുടെ നേതൃത്വത്തിൽ പഴ്സ് ഉടമസ്ഥന് കൈമാറി.