covid-19
COVID 19

തിരുവനന്തപുരം : കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതോടെ സമൂഹവ്യാപനത്തിനുള്ള സാദ്ധ്യതയും ഏറുകയാണ്. പ്രത്യേകിച്ച് ലോക്ക് ഡൗണിൽ ഇളവുകൾ വരുന്ന സാഹചര്യത്തിൽ. അഞ്ചു ദിവസത്തിനുള്ളിൽ 430 പേരാണ് വൈറസ് ബാധിതരായത്. ഇതിൽ 34 പേർക്ക്

സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 ആരോഗ്യപ്രവർത്തകരും വൈറസ് ബാധിതരായി. ഈ നില തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനം കടുത്ത പ്രതിസന്ധിയെ നേരിടേണ്ടിവരും. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനവും രോഗംബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണവും ഉയർന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾ ദുഷ്കരമാകും. അടുത്ത ആഴ്ചമുതൽ ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വരുന്നതോടെ ജനങ്ങൾ കൂടുതലായി പുറത്തിറങ്ങും. സർക്കാർ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും അപടകസാദ്ധ്യത കണ്ടറിഞ്ഞ് ജനം എത്രമാത്രം പ്രവർത്തിക്കുമെന്നതിൽ ആശങ്കയുണ്ട്. ഇപ്പോൾ തന്നെ കൈകുഞ്ഞുങ്ങളുമായും മുതിർന്നവരുമായി പുറത്തിറങ്ങുന്നവർ ഏറെയാണ്. മുൻകരുതൽ നി‌ർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കാൻ പൊലീസ് പരിശോധന ആവശ്യമാണ്.

സമൂഹവ്യാപനം അറിയാൻ പരിശോധന

രോഗബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കാൻ സർക്കാർ തിരുമാനിച്ചു. ഇതിനായി ഐ.സി.എം.ആർ 14,000 കിറ്റ് ലഭ്യമാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിൽ 10,000 എണ്ണം വിവിധ ജില്ലകൾക്ക് നൽകി. 40,000 കിറ്റ് കൂടി മൂന്നു ദിവസത്തിനുള്ളിൽ ലഭിക്കും. ഒരാഴ്ച 15,000 വരെ ആന്റിബോഡി നടത്താനാണ് തീരുമാനം.

 അഞ്ചു ദിവസത്തെ കണക്ക്

ജൂൺ 1 - 57

ജൂൺ 2 - 86

ജൂൺ 3 - 82

ജൂൺ 4 - 94

ജൂൺ 5 (ഇന്നലെ ) 111

വരുന്നത് ഒരുലക്ഷത്തിലധികം പേർ

ചാർട്ട് ചെയ്തതനുസരിച്ച് വിമാനങ്ങൾ വന്നാൽ ഈ മാസം ഒരുലക്ഷത്തിലധികം പേർ വിദേശങ്ങളിൽ നിന്ന് നാട്ടിലെത്തും.

'നമ്മുടെ മുന്നിലുള്ള വെല്ലുവിളിയും ഉത്തരവാദിത്വവും അസാധാരണാംവിധം വർദ്ധിക്കുകയാണ്.

ഈഘട്ടത്തിൽ ഇളവുകൾ ഒരു കാരണവശാലും രോഗം പടരാനുള്ള സാദ്ധ്യതയായി മാറരുത്.'

- മുഖ്യമന്ത്രി പിണറായി വിജയൻ