crime-

ഒല്ലൂർ: ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗുണ്ടകളും സുഹൃത്തുക്കളും ചേർന്ന് വീടുകൾ ആക്രമിച്ചു. ഒല്ലൂർ അഞ്ചേരിച്ചിറയിൽ കോയമ്പത്തൂർക്കാരൻ വീട്ടിൽ കൃഷ്ണമർത്തിയുടെയും സമീപത്തുള്ള ബന്ധുവിന്റെയും വീടുകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ 12ഓളം പേർ വരുന്ന ഗുണ്ടാസംഘം ആക്രമിച്ചത്. വടിവാളും ഇരുമ്പുവടികളുമായെത്തിയ അക്രമികൾ ഇരുവീടിന്റെയും വാതിലുകളും വീടിന് പുറത്തുണ്ടായിരുന്ന രണ്ടു ബൈക്കുകളും തല്ലിത്തകർത്തു. കൃഷ്ണമൂർത്തിയുടെ മകൻ രമേഷ് വളർക്കാവ് സ്വദേശി വിനോദിൽ നിന്നും 15000 രൂപ കടം വാങ്ങിയിരുന്നു. തുക പലതവണയായി മടക്കിനൽകയിരുന്നത്രെ. എന്നാൽ ലോക്ക് ഡൗൺ മൂലം അവസാന തവണ തുക നൽകാനായില്ലെന്നും ഇതേത്തുടർന്ന് വിനോദ് രണ്ടു ദിവസം മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് രമേഷ് പറയുന്നു.
തുടർന്നാണ് ഗുണ്ടകളുമായെത്തി ആക്രമണം നടത്തിയത്. രമേഷ് സ്ഥിരമായി ഉറങ്ങുന്നത് സമീപത്തുള്ള ബന്ധുവിന്റെ വീട്ടിലാണെന്ന് അറിയാമായിരുന്ന അക്രമികൾ ആദ്യം അവിടെ എത്തിയെങ്കിലും രമേഷിനെ കാണാതിരുന്നതിനാൽ അയാളുടെ വീട്ടിലേക്ക് തന്നെ എത്തുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ജനങ്ങൾ എത്തിയതോടെ അക്രമികൾ സ്ഥലം വിട്ടു. കാപ്പ പ്രകാരം ജയിലിലായിരുന്ന ശരതും മോഭിഷും അടക്കമുള്ളവരാണ് ആക്രമണം നടത്തിയതെന്നും പ്രതികൾ മുങ്ങിയിരിക്കുകയാണെന്നും ഒല്ലൂർ പൊലീസ് വ്യക്തമാക്കി.