kadinamkulam

തിരുവനന്തപുരം: കഠിനംകുളത്ത് രണ്ടു പിഞ്ചുകുട്ടികളുടെ അമ്മയെ മകന്റെ മുന്നിലിട്ട് കൂട്ടമാനഭംഗത്തി​ന് ഇരയാക്കിയ സംഭവത്തിൽ ഭർത്താവിനെയും നാല് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ചാന്നാങ്കര ,കഠിനംകുളം സ്വദേശികളായ മൻസൂർ (45),അക്ബർ ഷാ (23),അർഷാദ് (33),രാജൻ (50),അൻസാർ (29) എന്നിവരാണ് പിടിയിലായത്.

സംഭവത്തിലുൾപ്പെട്ട പള്ളിപുറം സ്വദേശി നൗഫൽ ഒളിവിലാണ്.പ്രതികൾക്ക് സഹായം നൽകിയ മനോജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ മനോജിന്റെ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് പൊലീസ് അറിയിച്ചു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കഠിനംകുളം ഇൻസ്‌പെക്ടർ വിനേഷ് കുമാർ പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ബീച്ച് കാണിക്കാനെന്ന് പറഞ്ഞ് രണ്ട് മക്കളെയും യുവതിയെയും പോത്തൻകോട്ടെ വീട്ടിൽ നിന്ന് എട്ടുകിലോമീറ്റർ അകലെയുള്ള കഠിനംകുളത്തിനടുത്ത് വെട്ടുതുറയിലെ സുഹൃത്ത് രാജന്റെ വീട്ടിലെത്തിച്ചാണ് ഭർത്താവ് പീഡനത്തിന് തുടക്കമിട്ടത്. അവിടെ വച്ച് യുവതിയെ ബലമായി മദ്യം കുടിപ്പിച്ചു. പിന്നീട് ബലമായി ആട്ടോറിക്ഷയിൽ കയറ്റി അടുത്തുള്ള ചാന്നാങ്കര പത്തേക്കർ എന്ന വിജനമായ കാട്ടുപ്രദേശത്ത് എത്തിച്ചാണ് കൂട്ടമായി പീഡിപ്പിച്ചത്. സംഭവം കണ്ട് ഭയന്ന് അലറിവിളിച്ച ആറു വയസുള്ള മകനെയും സംഘം ക്രൂരമായി മർദ്ദിച്ചു. കുട്ടിയേയും എടുത്ത് അക്രമികളിൽ നിന്ന് പിടച്ചോടിയ യുവതി അരകിലോമീറ്റർ അകലെയുളള പെരുമാതുറ - ചാന്നാങ്കര ജംഗ്ഷനിലെത്തി സഹായത്തിന് അലറിവിളിച്ച് റോഡിൽ വീണു. ഇതുകണ്ട് അതുവഴി കാറിലെത്തിയ രണ്ടുയുവാക്കാണ് ഇവരെ പിന്നാലെയെത്തിയ അക്രമികളിൽ നിന്ന് രക്ഷിച്ച് ചിറയ്ക്കലിലെ വീട്ടിലെത്തിച്ചത്. യുവതി പിന്നീട് കഠിനംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

ഏറെനാൾ യുവതിയും ഭർത്താവും തമ്മിൽ അകന്ന് കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് ഭർത്താവ് യുവതിയുമായി വീണ്ടും രമ്യതയിലായി തന്റെ വീട്ടിലേക്ക് കൊണ്ടുവന്നത്. യുവതിയോട് പകയുള്ള ഇയാൾ പണത്തിനും പ്രതികാരത്തിനും വേണ്ടിയാണ് സുഹൃത്തുക്കളുമായി ചേർന്ന് ക്രൂരമായ ലൈംഗിക പീഢനം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാരിൽ നിന്ന് നേരത്തെ പണം കൈപ്പറ്റിയതിന് ശേഷമാണ് ഇയാൾ യുവതിയെ അവർക്ക് കാഴ്ചവയ്ക്കാൻ കൂട്ടികൊണ്ടുവന്നത്.പെയിന്റിംഗ് തൊഴിലാളിയായ യുവാവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്.

സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി. കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫെെൻ യുവതിയെ ആശുപത്രിയിൽ സന്ദർശിച്ചു.സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും ആവശ്യപ്പെട്ടു.