തിരുവനന്തപുരം: രാഷ്ടീയ വിവാദത്തിന്റെയും കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിന്റെയും പശ്ചാത്തലത്തിലും പമ്പയിൽ നിന്നുള്ള മണൽ നീക്കം തുടരുന്നു. എന്നാൽ, പുറത്തേക്ക് കൊണ്ടുപോകാതെ എക്കലും മണലും ഒരുമിച്ച് കോരി പമ്പയിലെ കെ.എസ് .ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നിക്ഷേപിക്കുകയാണ്. കരാർ ഏറ്റെടുത്ത കണ്ണൂരിലെ കമ്പനി ഉപേക്ഷിച്ചുപോയതിനാൽ ദുരന്തനിവാരണ ഫണ്ടിലെ പണമാണ് വിനിയോഗിക്കുന്നത്. ഇന്നലെ നാൽപതോളം ലോറികളിലാണ് മണ്ണ് നീക്കിയത്.
കാലവർഷം തുടങ്ങിയ സാഹചര്യത്തിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ മണൽ വാരുന്നത് ഹരിത ട്രൈബ്യൂണൽ തടഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് വാരി മാറ്റിയിടുന്നത്. കോരിമാറ്റുന്ന മണൽ നിയമപ്രകാരം വനാതിർത്തി വിട്ട് കൊണ്ടുപോകാൻ സംസ്ഥാന സർക്കാരിന് കഴിയില്ല.
മണലിന്റെ കണക്കെടുത്തശേഷം വിൽക്കാൻ ദേശീയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടും.
കഴിഞ്ഞ പ്രളയകാലത്ത് കക്കി ഡാമിലെ സ്വീസ് വാൽവ് തുറന്നപ്പോൾ ഡാമിൽ അടിഞ്ഞുകൂടിയിരുന്ന മണലാണ് ഒഴുകിയെത്തിയത്. കക്കി ഡാം മുതൽ താഴോട്ട് വനമേഖലയിൽ വൻതോതിൽ മണൽ അടിഞ്ഞിട്ടുണ്ട്.