കാട്ടാക്കട: പൂവച്ചൽ കുറകോണത്ത് പാചകവാതകം ചോർന്ന് തീപിടിച്ചു. കല്ലംപൊറ്റ മണികുമാർ ലീലാ ഭായി ദമ്പതികളുടെ വീട്ടിൽ വെള്ളിയാഴ്ച രാത്രി എഴുമണിയോടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗം പൂർണമായി കത്തി നശിച്ചു. പാചകവാതകം തീർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം എടുത്ത പുതിയ സിലിണ്ടർ മകൻ പ്രദീപ് ഗ്യാസ് അടുപ്പുമായി ഘടിപ്പിച്ചപ്പോഴായിരുന്നു ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ മകൻ സിലിണ്ടറും എടുത്തു പുറത്തേക്ക് ഓടി. ഇതിനിടെ വിറകടുപ്പിൽ നിന്നും തീ പടർന്നു പിടിച്ചിരുന്നു. ശാരീരിക അവശതകളുള്ള മണിയനെയും, ഭാര്യ ലീലാ ഭായിയെയും വീടിനു പുറത്തെത്തിച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. ഫയർഫോഴ്സെത്തിയാണ് തീ കെടുത്തിയത്.