തിരുവനന്തപുരം: യു.ഡി.എഫിൽ തർക്കിക്കുന്ന കേരള കോൺഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങൾ അവരുടെ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയ ശേഷം എൽ.ഡി.എഫ് ചർച്ച ചെയ്യാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീഡിയോ കോൺഫറൻസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയ കെട്ടുറപ്പും നയപരമായി യോജിപ്പും ഉള്ളവരുമായേ എൽ.ഡി.എഫ് മുന്നണിയുണ്ടാക്കൂ. യോജിക്കാവുന്ന നിലപാട് ജോസഫിൽ നിന്നോ ജോസ് കെ.മാണിയിൽ നിന്നോ ഇതുവരെ ഇല്ല. യു. ഡി. എഫിൽ വിലപേശാൻ വേണ്ടിയുള്ള നിലപാടിനെ പ്രോത്സാഹിപ്പിക്കില്ല. യു.ഡി.എഫിലിരുന്ന് കാര്യം സാധിക്കാനാണ് രണ്ട് കൂട്ടരുടെയും ശ്രമം. ഇടതുമുന്നണിയിലെ ആരുമായും അവർ സംസാരിച്ചിട്ടില്ല. ആരെയും ചാക്കിടാനോ കാല് മാറ്റിക്കാനോ യു.ഡി.എഫിൽ നിന്ന് അടർത്തിക്കൊണ്ടുവരാനോ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല.

യു.ഡി.എഫിലെ സംഘർഷം മറയ്‌ക്കാനാണ് എൽ.ഡി.എഫിനെതിരായ ഉമ്മൻ ചാണ്ടിയുടെ ആക്ഷേപം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വൻ വിജയം നേടും. കഴിഞ്ഞ തവണ 60 ശതമാനം തദ്ദേശസ്ഥാപനങ്ങളിലും വിജയിച്ച എൽ.ഡി.എഫ് പിന്നീട് പത്ത് കക്ഷികളുള്ള മുന്നണിയായി വികസിച്ചു. ആരെയെങ്കിലും കൊണ്ടുവരാൻ ബേജാറായി നടക്കേണ്ട ആവശ്യം മുന്നണിക്കില്ല.

സി.പി.ഐക്ക് അവ്യക്തതയുണ്ടെങ്കിൽ നീക്കും

പമ്പയിലെ മണലെടുപ്പിൽ സി.പി.എമ്മിനും സി.പി.ഐക്കുമിടയിൽ അവ്യക്തതയുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും. ഇക്കാര്യത്തിൽ സി.പി.എം- സി.പി.ഐ തർക്കമില്ല. ദുരന്തനിവാരണ അതോറിറ്റിയാണ് നടപടിയെടുത്തത്. നേരത്തേയുള്ള നടപടി ക്രമം വച്ചാണ് വനംവകുപ്പിന്റെ നിലപാട്. ചെളി നീക്കിയില്ലെങ്കിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ളതിനാലാണ് ദുരന്തനിവാരണ അതോറിറ്റി ഇടപെട്ടത്. അതോറിറ്റി റവന്യൂവകുപ്പിന് കീഴിലാണ്. മണലെടുപ്പിന് കരാർ നൽകുന്നതിൽ സി.പി.എമ്മിന്റെ ഇടപെടലില്ല. ഒരു കരാറിലും പാർട്ടി ഇടപെടാറില്ല.

പാലക്കാട് ആന ചരിഞ്ഞതിൽ കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനാണ് കേന്ദ്ര, സംസ്ഥാന ബി.ജെ.പി നേതാക്കളുടെ ശ്രമം. ഇക്കാര്യത്തിൽ അതീവജാഗ്രത വേണം. ഉമാദേവി എന്ന ആനയെ മറ്റൊരു മതക്കാർ കൊന്നു എന്നാണ് പ്രചാരണം. മനുഷ്യരെയും മൃഗങ്ങളെയും ദിവസേന കൊല്ലുന്ന പ്രദേശമാണ് മലപ്പുറമെന്ന് പ്രചരിപ്പിക്കുന്നത് വർഗീയധ്രുവീകരണം രാജ്യത്താകെ സൃഷ്ടിക്കാനാണ്. ആരാധനാലയങ്ങൾ തുറക്കുന്നത് കേന്ദ്ര മാർഗനിർദ്ദേശപ്രകാരമാണ്. ഏതെങ്കിലും ആരാധനാലയക്കാർക്ക് തുറക്കേണ്ടെങ്കിൽ അതാവാം. അതിൽ ഇടപെല്ലെന്നും കോടിയേരി വ്യക്തമാക്കി.