ശ്രീകാര്യം: ഗുരുദേവനുമായി ബന്ധപ്പെട്ട പുണ്യകേന്ദ്രങ്ങളെ തമ്മിൽ ബന്ധപ്പെടുത്തി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 154.7 കോടി രൂപയുടെ ശിവഗിരി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ചുകൊണ്ടുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചെമ്പഴന്തി ഗുരുകുലത്തിന് സമീപം സംഘടിപ്പിച്ച പ്രാർത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത് തന്റെ സർക്കാരിന്റെ പ്രധാന നേട്ടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാഠ്യപദ്ധതി തയ്യാറാക്കുന്ന വിദഗ്ദ്ധ സമിതിയിൽ അന്നത്തെ ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടറായിരുന്ന ശ്രീനാരായണദാസിനെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. അങ്ങനെയാണ് 3 മുതൽ 12 വരെയുള്ള പാഠഭാഗങ്ങളിൽ ഗുരുപഠനം ഉൾപ്പെടുത്താൻ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ഭരണത്തിലുള്ള സർക്കാരും ഇനി വരാൻ പോകുന്ന സർക്കാരുകളും ഇതേ സമീപനമാണ് തുടരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് ശ്രീകാര്യം ബോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നെയ്യാറ്റിൻകര സനൽ,അഡ്വ.എം.എ.വാഹീദ്, ശരത് ചന്ദ്രപ്രസാദ്,ആറ്റിപ്ര അനിൽ, കെ.എസ്.യു.നേതാവ് അഖിൽ, അണിയൂർ പ്രസന്നകുമാർ, പൗഡിക്കോണം സനൽ,അണിയൂർ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.