sabarimala

തിരുവനന്തപുരം: മിഥുന മാസ പൂജകൾക്കും ഉത്സവത്തിനുമായി 14ന് ശബരിമല നട തുറക്കുമ്പോൾ ഒരുസമയം 50 പേർക്ക് എന്ന കണക്കിൽ ദർശനാനുമതി നൽകും. മണിക്കൂറിൽ 200 പേർക്കാവും പ്രവേശനം. വെർച്ച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യണം. 19 മുതൽ 28 വരെയാണ് ഉത്സവം.

10 വയസിൽ താഴെയുള്ളവർക്കും 65 വയസിന് മുകളിലുള്ളവർക്കും പ്രവേശനമുണ്ടാവില്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്‌കാനിംഗ് നടത്തും. മാസ്‌ക് നിർബന്ധം. വി.ഐ.പി ദർശനവും ഭക്തർക്ക് താമസ സൗകര്യവും ഉണ്ടാകില്ല. പമ്പ വരെ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശിക്കാം.

കൊടിയേറ്റും ആറാട്ടും ചടങ്ങുകളായി മാത്രം നടത്തും. അന്നദാനക്കഞ്ഞി ദിവസവും 2400 പേർക്ക് നൽകും. അപ്പം, അരവണയ്ക്കായി ഓൺലൈനായി ബുക്ക് ചെയ്യണം. നെയ്യഭിഷേകം ഉണ്ടാകുമെങ്കിലും ഭക്തർക്ക് ആടിയശിഷ്ടം നെയ്യാകും പ്രസാദമായി നൽകുക. രാത്രി 11ന് നട അടച്ചാൽ മുഴുവൻ ഭക്തരും മലയിറങ്ങണം.


അന്യസംസ്ഥാനക്കാർക്ക് കൊവിഡ്

നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം

അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ കൊവിഡ് ജാഗ്രതാ സൈറ്റിൽ അപേക്ഷിച്ച് പാസ് എടുത്താലേ ചെക്ക് പോസ്റ്റുകളിൽ പ്രവേശനം അനുവദിക്കൂ. പാസിന് അപേക്ഷ നൽകുമ്പോൾ ഐ.സി.എം.ആർ അംഗീകൃത ലാബിൽ നിന്നുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. വണ്ടിപ്പെരിയാർ വഴി ദർശനം അനുവദിക്കില്ല.

 ഓൺലൈൻ രജിസ്ട്രേഷൻ

ഗുരുവായൂരിൽ മണിക്കൂറിൽ

600 പേർക്ക് പ്രവേശനം
ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ മാത്രമേ ഗുരുവായൂരിൽ ദർശനാനുമതി നൽകൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മണിക്കൂറിൽ 150 പേർ വച്ച് ഒരു ദിവസം 600 പേർക്കാണ് ദർശനാനുമതി. അൻപത് പേരടങ്ങുന്ന ബാച്ചായാണ് പ്രവേശിപ്പിക്കുക. വി.ഐ.പി ദർശനം ഉണ്ടാകില്ല.

ഓരോ ബാച്ചും ദർശനം കഴിഞ്ഞിറങ്ങുമ്പോൾ കൈപ്പിടികളും ഗ്രില്ലും അണുവിമുക്തമാക്കും. പ്രസാദം, നിവേദ്യം, തീർത്ഥം എന്നിവ നൽകില്ല. വിശ്വാസികൾക്ക് സോപാനത്തിലേക്ക് പ്രവേശനമുണ്ടാവില്ല. അന്നദാനവും മറ്റു വഴിപാടുകളും തത്കാലമില്ല.

ദിവസം 60 വിവാഹം

ദിവസം 60 വിവാഹങ്ങൾ വരെ നടത്താൻ അനുവദിക്കും. ഓരോന്നിനും 10 മിനിട്ട്. 10 പേരിൽ കൂടുതൽ പാടില്ല. വിവാഹ സമയത്തിനും രജിസ്‌ട്രേഷനുണ്ടാകും. രാവിലെ 5 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടത്താം.