നെയ്യാറ്റിൻകര: മഞ്ചവിളാകത്തെയും ബാലരാമപുരത്തെയും ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്നത് പരമ്പരാഗത ഉത്പന്നമായ കൈത്തറിയിലൂടെയാണ്. അത്തരത്തിൽ അഭിമാനിക്കാവുന്ന ഒരു പാരമ്പര്യം തന്നെ കൈത്തറിമേഖലയിൽ നെയ്യാറ്റിൻകരയ്ക്ക് ഉണ്ട്. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായി ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കാൻ ഈ പരുത്തി വസ്ത്രത്തിനുള്ള കഴിവ് മറ്റ് പ്രകൃതിദത്ത വസ്ത്രങ്ങൾക്കില്ല. ഇതിനാൽ തന്നെ വിദേശത്ത് കൈത്തറി ഉത്പന്നങ്ങൾക്ക് പ്രിയമേറെയാണ്. ഉത്പന്നത്തിന്റെ ഗുണമേന്മയും മികവും തൊഴിൽമേഖലയിൽ പാരമ്പര്യമായി കൈമാറി വന്ന വൈദഗ്ധ്യവുമെല്ലാമാണ് ഈ പ്രിയത്തിന് പിന്നിൽ. എന്നാൽ മഞ്ചവിളാകം-ബാലരാമപുരം പ്രദേശത്തെ കൈത്തറിയുടെ അവസ്ഥ ഇന്ന് അത്ര കണ്ട് ഭദ്രമല്ല. ഒരു കാലത്ത് നെയ്യാറ്റിൻകര താലൂക്കിൽ കൃഷി കഴിഞ്ഞാൽ കൂടുതൽ ആളുൾക്ക് തൊഴിൽ നൽകുന്ന മേഖലയായിരുന്നു കൈത്തറി. മഞ്ചവിളാകത്താകട്ടെ ഏതാണ്ട് ആയിരത്തിലേറെ കുടുംബങ്ങൾ ഉപജീവനമാർഗം തേടിയിരുന്നത് കൈത്തറി വസ്ത്ര നിർമ്മാണത്തിലൂടെയാണ്. മഞ്ചവിളാകം-മാരായമുട്ടം പ്രദേശങ്ങളിൽ നിന്നുമാത്രം ഉയർന്ന തരം കൈത്തറി വസ്ത്രങ്ങൾ കേരളത്തിലെ വസ്ത്ര വ്യാപാരികൾക്ക് നൽകുന്നുണ്ട്. ബാലരാമപുരത്താകട്ടെ ത്വഗ് രോഗങ്ങൾ, ആസ്ത്മ തുടങ്ങിയ അസുഖങ്ങൾക്ക് പരിഹാരമായുള്ള കൈത്തറി വസ്ത്രങ്ങൾ നിർമ്മിച്ച് വിദേശത്തേക്ക് കയറ്റി അയച്ചിരുന്നു. സർക്കാരിന്റെ വേണ്ടത്ര പ്രോത്സാഹനം ഇല്ലാത്തതിനാൽ അത്യധികം വികസന സാദ്ധ്യതയുള്ള ഈ മേഖല ഇന്ന് സ്തംഭനാവസ്ഥയിലാണ്. വിവിധ പദ്ധതികളായും മേളകളിലൂടെയും പ്രചാരണത്തിനും സർക്കാർ ഒരുപാട് തുക ഈ മേഖലയ്ക്കു വേണ്ടി ചെലവഴിക്കുന്നുണ്ടെങ്കിലും തൊഴിൽ സംരംഭങ്ങളെ നിലനിറുത്താൻ പ്രത്യേക പാക്കേജുകളില്ലെന്ന് കൈത്തറി തൊഴിലാളികൾ പറയുന്നു. പല കൈത്തറി സംഘങ്ങൾക്കും വർക്കിംഗ് ഫണ്ടില്ലാത്തിനാൽ ബാങ്കുകളിൽ നിന്നു വായ്പയെടുത്തും കടം വാങ്ങിയും പ്രവർത്തിക്കേണ്ട ഗതികേടിലാണിപ്പോൾ.
വേതനത്തിലെ അശാസ്ത്രീയത
ലാഭകരമായ ഒരു വ്യവസായമല്ലാത്തതിനാൽ ഒരു നെയ്ത്തുകാരന്റെ കാലം കഴിഞ്ഞാൽ പിൻതലമുറ ആ തൊഴിൽ ഉപജീവനമായി കൊണ്ടുപോകുന്നില്ല. കൃത്യമായ വരുമാനമോ തൊഴിൽ സ്ഥാപനങ്ങളിലെ വ്യക്തമായ വേതനവ്യവസ്ഥയോ ഇല്ലാത്തത് കാരണം പുതുതലമുറയോ അഭ്യസ്ഥവിദ്യരോ ഇതിലേക്ക് വരുന്നില്ല. ഒരു തൊഴിലാളി എത്ര മീറ്റർ കൈത്തറി നെയ്‌തെടുക്കുന്നു എന്നതനുസരിച്ചാണ് സംഘങ്ങളും മറ്റും വേതനം നിശ്ചയിക്കുന്നത്. ഇതു പ്രകാരം ദിവസം അഞ്ചോ ആറോ മീറ്റർ നെയ്യുന്ന തൊഴിലാളിക്ക് പരമാവധി 200 രൂപ മുതൽ 250 രൂപവരെ മാത്രമേ ദിവസ വേതനമായി ലഭിക്കുകയുള്ളു. ഈ വ്യവസായത്തെ രക്ഷിക്കുവാൻ ദേശീയ അടിസ്ഥാനത്തിൽ വേതന നയം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
2005ൽ സർക്കാർ കണക്കു പ്രകാരം അഖിലേന്ത്യാതലത്തിൽ 200 ലക്ഷം പേർ കൈത്തറി മേഖലയിൽ തൊഴിലെടുത്തിരുന്നു
ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ കോഴ്‌സുകൾ, യുവാക്കളെ ആകർഷിക്കാൻ കംപ്യൂട്ടർ അധിഷ്ടിത കോഴ്‌സുകളും സർട്ടിഫിക്കറ്റ് കോഴ്‌സുകളും ഡിപ്ലോമാ കോഴ്‌സുകളും ഈ മേഖലയെ ഉയർത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു
കൈ ഉപയോഗിച്ചു നെയ്യുന്ന കൈത്തറി ഉത്പന്നങ്ങൾക്ക് ലോക വിപണിയിൽ നിരവധി ആവശ്യക്കാരുണ്ട്. എന്നാൽ ആവശ്യത്തിനനുസൃതമായി ഉത്പന്നങ്ങൾ എത്തിക്കാനാകുന്നില്ല. മേഖലയിൽ തൊഴിലാളികളില്ലാത്തതും പുതിയ തലമുറ ഇതിലേക്ക് കടന്നു വരാത്തതുമാണ് പ്രധാന വെല്ലുവിളി.
സ്കൂളുകളിലെ ഒന്നു മുതൽ നാല് വരെ ക്ലാസിലുള്ള കുട്ടികൾക്ക് സൗജന്യ കൈത്തറി വസ്ത്ര വിതരണത്തിന് സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും സ്കൂളുകൾ തുറക്കാത്തത് കാരണം പദ്ധതി മുടങ്ങി
42.8 ലക്ഷം മീറ്റർ തുണിയാണ് ഈ അദ്ധ്യയന വർഷത്തേക്കായി സർക്കാർ ഓർഡർ നൽകിയിരുന്നത്.