നെടുമങ്ങാട്: പട്ടികവർഗ ക്ഷേമ ഓഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തുകയും ഓഫീസ് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉൾപ്പെടെ 20 കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം നേതാക്കളും നഗരസഭ കൗൺസിലർമാരുമായ ടി. അർജുനൻ, കെ.ജെ. ബിനു, യൂത്ത് കോൺഗ്രസ് നേതാക്കളായ ഹാഷിംറഷീദ്, മന്നൂർക്കോണം സജാദ്, മഹേഷ് ചന്ദ്രൻ എന്നിവരെ അറസ്റ്റുചെയ്‌തത്. ‌സ്‌പീക്കറുടെ അനുമതിയോടെ എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാർ അറിയിച്ചു. നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രവർത്തകരോടൊപ്പമെത്തിയ എം.എൽ.എ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും പ്രോജക്ട് ഓഫീസറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് പരാതി. മേശപ്പുറത്തിരുന്ന ഫയലുകളും രേഖകളും വലിച്ചെറിഞ്ഞു. കൂടെയുണ്ടായിരുന്നവർ ഫർണിച്ചറുകൾ എടുത്തെറിയുകയും ടെലിഫോൺ കേബിൾ നശിപ്പിക്കുകയും ചെയ്‌തു. എം.എൽ.എ ഇതിനിടെ ഓഫീസിലെ റിമൈൻഡർ ബോർഡിൽ ജീവനക്കാർക്കെതിരെ മോശം പദപ്രയോഗങ്ങൾ എഴുതിയെന്നും പരാതിയുണ്ട്. പട്ടികജാതി - പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യത്തിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ജില്ലാപഞ്ചായത്ത് കുറ്റിച്ചൽ മാന്നാംകോണത്തു സംഘടിപ്പിച്ച ചടങ്ങിനെ തുടർന്നാണ് എം.എൽ.എ പ്രതിഷേധവുമായി എത്തിയത്.

അക്രമം ജനാധിപത്യവിരുദ്ധം: സി.പി.എം

ഐ.ടി.ഡി.പി ഓഫീസിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന അതിക്രമം ജനാധിപത്യ വിരുദ്ധവും ജനപ്രതിനിധി പാലിക്കേണ്ട സാമാന്യമര്യാദയുടെ ലംഘനവുമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും പറഞ്ഞു. പട്ടികവർഗ ഓഫീസ് സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രവർത്തകർ നെടുമങ്ങാട് കച്ചേരിനടയിൽ സത്യാഗ്രഹ സമരം നടത്തി. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ, നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.

ഗൂഢാലോചന: കോൺഗ്രസ്

ട്രൈബൽ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ആനുകൂല്യത്തിനുള്ള ലിസ്റ്റ് എം.എൽ.എ ആവശ്യപ്പെട്ടിട്ടും നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസർ നൽകിയില്ലെന്നും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളിൽ ഓഫീസർക്കും സി.പി.എം നേതാക്കൾക്കുമെതിരെയാണ് കേസ് എടുക്കേണ്ടതെന്നും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ആനാട് ജയൻ ആവശ്യപ്പെട്ടു. എം.എൽ.എയ്ക്കും കോൺഗ്രസ് പ്രവർത്തകർക്കുമെതിരായ കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്. അരുൺകുമാറും പ്രതിഷേധിച്ചു.