film

കൊച്ചി : താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമ നിർമ്മിക്കില്ലെന്ന് കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന നിർമ്മാതാക്കളുടെ യോഗത്തിൽ തീരുമാനം. തിയേറ്ററുകൾ തുറന്നാലും കൊവിഡ് ഭീഷണി കാരണം എത്രപേർ വരുമെന്നറിയില്ല. രോഗഭീതിക്കൊപ്പം സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരെ തിയേറ്ററിൽ നിന്നകറ്റും. കളക്ഷനിൽ അമ്പത് ശതമാനം കുറവ് വരുമെന്നാണ് ഞങ്ങളുടെ കണക്ക് കൂട്ടൽ. അങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ താരങ്ങൾ പ്രതിഫലം കുറച്ചേ മതിയാകൂയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത് പറയുന്നു.

മോഹൻലാൽ ഉൾപ്പെടെയുള്ള പല താരങ്ങളും നിർമ്മാതാക്കളുടെ തീരുമാനത്തിനൊപ്പം നിൽക്കാമെന്ന് വാക്കാൽ ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് 'അമ്മ"യ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.

...................................

തീരുമാനമെടുക്കേണ്ടത് ചർച്ച

ചെയ്ത ശേഷം: ഇടവേള ബാബു

അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്ത് ലഭിച്ചിട്ടില്ലെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് ചർച്ചയ്ക്ക് ശേഷമാകണമെന്നും 'അമ്മ" യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

'പ്രതിഫലക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ താരങ്ങളെല്ലാം ഒരുക്കമാണ്. ആരും പ്രതിഫലം കൂടുതൽ ചോദിച്ചതായി ഞങ്ങളുടെ അറിവിലില്ല. താരങ്ങൾ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടുവെന്നൊരു പ്രതീതിയുണ്ടാക്കിയതിൽ പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ ഇനി സിനിമ നിർമ്മിക്കില്ലെന്ന തീരുമാനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ ' മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഇപ്പോൾ നിർമ്മാതാക്കളാണല്ലോ?"എന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടി.