തിരുവനന്തപുരം: വെന്റിലേറ്ററിലാകുന്നതിന് തലേദിവസവും ആനയറയിലെ വീട്ടിൽ ശ്രീകുമാരൻ നായർ വിളിച്ച് ഭാര്യ ഗീതയുമായി സംസാരിച്ചിരുന്നു. സംസാരിക്കുന്നതിനിടെ ഗീത വിതുമ്പിയപ്പോഴും ശ്രീകുമാരൻ നായർ ആശ്വസിപ്പിക്കുകയാണ് ചെയ്‌തത്. ''രോഗം ഭേദമാകും,​ അതുകഴിഞ്ഞ് ഞാനങ്ങ് വരും...'' ഇതായിരുന്നു അവസാനത്തെ വാക്കുകൾ. വെന്റിലേറ്ററിൽ കഴിഞ്ഞപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതരും അറിയിച്ചത്. പക്ഷേ,​ തിരിച്ചുവരവിന് അവസരമൊരുക്കാതെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് കുവൈറ്റിൽ ചികിത്സയിലിരിക്കെ ആനയറ സ്വദേശി ശ്രീകുമാരൻ നായർ മരിച്ചത്. ഇന്നലെ ഗീതയുടെ സഹോദരനാണ് കുടുംബത്തെ മരണവാ‌ർത്ത അറിയിച്ചത്. തനിക്ക് രോഗബാധ സ്ഥിരീകരിച്ചത് ശ്രീകുമാരൻ നായർ തന്നെ നേരിട്ട് വീട്ടിൽ വിളിച്ചു പറയുകയായിരുന്നു. വെന്റിലേറ്ററിലാകുന്നതിനു തലേദിവസം വരെയും ഭാര്യയെയും മക്കളെയും ദിവസേന രണ്ടുതവണയെങ്കിലും വിളിക്കും. ജോലി ചെയ്‌തിരുന്ന കോട്ടയം സ്വദേശിയുടെ കമ്പനി എല്ലാ സഹായവും ലഭ്യമാണെന്നും അറിയിച്ചിരുന്നു. 17 വർഷമായി കുവൈറ്റിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം നാട്ടിൽ വന്ന് മ‌‌ടങ്ങിയിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. അമ്മ മരിച്ചതുമായി ബന്ധപ്പെട്ട ചടങ്ങിനു വേണ്ടിയായിരുന്നു അവസാനമായി നാട്ടിലെത്തിയത്. മക്കളായ ഗൗരിയും ഗൗതമിയും അസുഖ കാലഘട്ടത്തിലും ശ്രീകുമാരൻ നായർക്ക് ആത്മവിശ്വാസം നൽകിയിരുന്നു. പ്രവാസി ജീവിതം കൊണ്ടാണ് സാമ്പത്തിക ബാദ്ധ്യതകൾ തീർത്തത്. ഇടയ്ക്ക് കുവൈറ്റിൽ നിന്ന് മടങ്ങിയെത്തി ചെറിയൊരു കച്ചവട സ്ഥാപനം നടത്തിയെങ്കിലും ഷോർട്ട് സർക്യൂട്ട് മൂലം അത് കത്തിനശിച്ചു. മൂത്ത മകൾ ഗൗരി സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. ഇളയ മകൾ ഗൗതമി കൈമനം വനിത പോളിടെക്‌നിക്കിലെ മൂന്നാംവർഷ കമ്പ്യൂട്ടർ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാർ,​ മറ്റു രാഷ്ട്രീയ നേതാക്കളും ഇന്നലെ ശ്രീകുമാരൻ നായരുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.