road

വിതുര: വർഷങ്ങളായി കാൽനടയാത്രപോലും അസാദ്ധ്യമായ രീതിയിൽ തകർന്ന് കിടക്കുന്ന വിതുര - കോട്ടിയത്തറ റോഡിന് ശാപമോക്ഷമാകുന്നു. റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. ഇവിടത്തെ കുഴികളിൽ വീണ് വാഹനങ്ങളുടെയും യാത്രക്കാരുടെയും നടുവൊടിയുന്നതിനാണ് പരിഹാരമാകുന്നത്. വിതുര ഗവ. താലൂക്ക് ആശുപത്രി ജംഗ്ഷൻ മുതൽ കോട്ടിയത്തറ വരെയുള്ള റോഡിന്റെ മിക്ക ഭാഗത്തും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ ടാർ മുഴുവൻ ഇളകി മൺപാതയായി മാറിയതിനാൽ അപകടങ്ങൾ നടക്കാത്ത ദിനങ്ങൾ വിരളമാണ്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ പതിച്ചാണ് കൂടുതലും അപകടം ഉണ്ടാകുന്നത്. അനധികൃത നിർമ്മാണത്തിനൊപ്പം റോഡിന്റെ ഇരുഭാഗത്തും കാട് മൂടിയതോടെ വീതി ഗണ്യമായി കുറയുകയും ചെയ്തു. റോഡ് ടാർ ചെയ്തിട്ട് മൂന്ന് വർഷമേ ആയുള്ളുവെങ്കിലും ഒാടകൾ ഇല്ലാത്തതിനാലാണ് വളരെ പെട്ടെന്ന് തകർന്നത്. വിതുര ഗവ. താലൂക്ക് ആശുപത്രി, വിതുര ഗവ. ഹൈസ്കൂൾ, യു.പി.എസ്, സബ്ട്രഷറി, മൃഗാശുപത്രി, പഞ്ചായത്ത് ഒാഫീസ്, കമ്മ്യൂണിറ്റിഹാൾ എന്നിവിടങ്ങളിലെത്താനുള്ള ഈ പ്രധാന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ വി.കെ. മധു റോഡ് സന്ദർശിക്കുകയും ഫണ്ടനുവദിക്കുകയുമായിരുന്നു. ഫണ്ട് അനുവദിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് സി.പി.എം വിതുര ലോക്കൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

അവഗണന ഇനി വേണ്ട

സമീപത്തെ മറ്റ് ചില റോഡുകൾ അടുത്തിടെ ടാറിംഗ് നടത്തിയപ്പോഴും വർഷങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന കോട്ടിയത്തറ റോഡിനെ അവഗണിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാർ വാഗ്ദാനങ്ങൾ നൽകാറുണ്ടെങ്കിലും പിന്നെ തിരിഞ്ഞു നോക്കാറില്ലെന്ന് നാട്ടുകാർ‌ പറയുന്നു. റോഡ് അടിയന്തരമായി ടാറിംഗ് നടത്തി അപകടങ്ങൾക്ക് തടയിട്ടില്ലെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലായിരുന്നു നാട്ടുകാർ.

അനുവദിച്ചത് 25 ലക്ഷം രൂപ

ചില ഭാഗങ്ങളിൽ ടാർ പൂർണമായി ഇളകി മാറി

ഇവിടെ അപകടങ്ങൾ പതിവായിരുന്നു

നടപടി കേരള കൗമുദി വാർത്തയെ തുടർന്ന്

ഇതുവഴി ദിവസേന സഞ്ചരിക്കുന്നത് നൂറുകണക്കിന് പേർ