priest

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വൈദികൻ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗത്ത് ഗുരുതരവീഴ്ച. പനിയെ തുടർന്ന് ആശുപത്രിയിലെത്തിയ ഫാദർ കെ.ജി.വർഗീസിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാതെ ഒന്നിലേറെത്തവണ മടക്കി അയച്ചിരുന്നു. 77വയസുള്ള വൈദികൻ ഹൈറിസ്ക്ക് കാറ്റഗറിയിലായിട്ടും നില വഷളായ ശേഷമാണ് സ്രവം പരിശോധനയ്ക്ക് എടുത്തത്. എന്നാൽ ഫലം വരുന്നതിന് മുൻപേ ഈ മാസം 2ന് മരണപ്പെട്ടു. വൈദികന്റെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം പുറത്തുവിട്ടതോടെയാണ് വീഴ്ച പുറത്തുവന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രി അധികൃതർ കാട്ടേണ്ട ജാഗ്രതയുണ്ടായില്ലെന്നാണ് പ്രധാന ആക്ഷേപം. ഏപ്രിൽ 20ന് ബൈക്കപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിലെത്തിയ വൈദികൻ ഒരുമാസം അവിടെയും പിന്നീട് പേരൂർക്കട ജില്ലാ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. മേയ് 23ന് പേരൂർക്കട ജില്ലാ ആശുപത്രിയിൽ വച്ച് പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. രാവിലെ ഒൻപതരയോടെ മെഡിക്കൽ കോളജിൽ എത്തിയ ഇദ്ദേഹത്തെ വൈകിട്ട് അഞ്ചരയോടെ ജില്ലാ ആശുപത്രിയിലേക്കു തന്നെ മടക്കി. ആരോഗ്യസ്ഥിതി വഷളായതോടെ 26ന് രാത്രി 8.45ന് അദ്ദേഹത്തെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നൽകി രാത്രി 11.30ഓടെ മടക്കിവിട്ടു. 31ന് അതീവഗുരുതരാവസ്ഥയിൽ ഇദ്ദേഹത്തെ വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ന്യുമോണിയയായി. തുടർന്നാണ് സ്രവം പരിശോധിച്ചത്.

കണക്ക് കൂട്ടൽ തെറ്റി, ഉറവിടം അവ്യക്തം

ഫാദർ വർഗീസിന് വാഹനാപകടത്തിൽ തലയ്ക്കടക്കം ഗുരുതര പരുക്കേറ്റിരുന്നതിനാലാണ് പനിയടക്കമുള്ള രോഗലക്ഷണങ്ങൾ ഉണ്ടായതെന്ന നിഗമനത്തിലായിരുന്നു ആശുപത്രി അധികൃതർ. എന്നാൽ ഈ കണക്കുകൂട്ടൽ തെറ്റായിരുന്നു. ചൊവ്വാഴ്ച മരിച്ച ഇദ്ദേഹത്തിന്റെ രോഗബാധയുടെ ഉറവിടം ഇപ്പോഴും അവ്യക്തമാണ്.