online-

കൊറോണ എനിക്ക് ഊട്ടി സുഖവാസകേന്ദ്രത്തിൽ നിർബ്ബന്ധിത സുഖവാസം വിധിച്ച് തടഞ്ഞിട്ടിരിക്കുകയാണ്. അതിനിടയിൽ ഒരു ഫോൺകാൾ വന്നു. തലശ്ശേരിയിൽ നിന്നാണ്. വല്ലപ്പോഴുമൊക്കെ വിളിക്കാറുളള ആളാണ്. കൊറോണ വിധിച്ചിരിക്കുന്ന വീട്ടുതടങ്കൽ എങ്ങനെയുണ്ടെന്ന് ഞാൻ ചോദിച്ചു. കഴിഞ്ഞ തവണ വിളിച്ചപ്പോൾ പറഞ്ഞത്, കൈവശമുളള പുസ്തകങ്ങളെല്ലാം വായിച്ചു തീർക്കാൻ ഈ സമയം പ്രയോജനപ്പെടുത്തുന്നു എന്നാണ്. ഇത്തവണ പറയുന്നു, 'നല്ല രസകരമായി സമയം ചെലവഴിക്കുന്നു സ്വാമി! പേരക്കുട്ടികൾക്കുളള ഓൺലൈൻ ക്ലാസ് നോക്കിക്കൊണ്ടിരുന്നാൽ മതി. എന്തൊരു രസമാണ്. ഇങ്ങനെയുമുണ്ടോ ക്ലാസ്? ഇങ്ങനെയൊരു ക്ലാസിനുളള സാദ്ധ്യതയുണ്ടെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല. വാസ്തവത്തിൽ നമ്മുടെ കുട്ടികൾ ഇക്കാര്യത്തിൽ ഭാഗ്യവാന്മാരാണ്.'

ഇതു കേട്ടപ്പോൾ എനിക്കും തോന്നി ഒരു ക്ലാസ് കാണണമെന്ന്. ഏഴാം സ്റ്റാൻഡേർഡിലെ ഒരു ഇംഗ്ലീഷ് ക്ലാസാണ് ഞാൻ ശ്രദ്ധിച്ചത്. വാസ്തവത്തിൽ ഒന്നാംതരം ക്ലാസു തന്നെയാണ്. ഒരൊറ്റ പോരായ്മ കണ്ടത് നേരിട്ട് കുട്ടികളെ പഠിപ്പിക്കുന്നത്ര സജീവത വരുന്നില്ല എന്നതാണ്. പിന്നെ ഇടയ്ക്കിടയ്ക്ക് കുട്ടികളോട് ചോദ്യം ചോദിക്കാനും കുട്ടികൾക്ക് സംശയം ചോദിക്കാനുമുളള അവസരമില്ല എന്നതും. അതാത് വിഷയത്തിൽ സംസ്ഥാനത്തുളള ഏറ്റവും നല്ല അദ്ധ്യാപകരെ കണ്ടുപിടിച്ച് അവരെക്കൊണ്ടാണ് ഈ ഓൺലൈൻ ക്ലാസെടുപ്പിക്കുന്നതെന്നും അറിയാം. ഞാൻ കണ്ട ക്ലാസെടുത്ത അദ്ധ്യാപികയെ എനിക്കറിയാം. അവരെ ഞാൻ വിളിച്ചു. ക്ലാസ് നന്നായിരിക്കുന്നു എന്നും എന്നാൽ ഞാൻ അതിൽ കണ്ട പോരായ്മകളെന്തൊക്കെയെന്നും അവരോട് പറഞ്ഞു. അവർ മറുപടി പറഞ്ഞു. 'ക്ലാസ് നടത്തിയപ്പോൾ എനിക്കും അതനുഭവപ്പെട്ടു. കുട്ടികളെ നേരിട്ട് പഠിപ്പിക്കുമ്പോഴുളള സജീവത ഉണ്ടായില്ല എന്ന്. എന്നാൽ ഇത്തരം ക്ലാസിൽ അത്രയെ സാധിക്കൂ. എന്നാലും ഇതിലെ പോരായ്മ തീർക്കത്തക്ക വണ്ണം അതാത് സ്കൂളിലെ അദ്ധ്യാപകർ കുട്ടികളുമായി ഓൺലൈനിൽ ബന്ധപ്പെടും. അപ്പോൾ കുട്ടികൾക്ക് അവരോട് സംശയങ്ങൾ ചോദിക്കാനും അവസരമുണ്ട്. മാത്രമല്ല, ക്ലാസിൽ പഠിപ്പിച്ച കഥയെ ഓരോരോ പ്രത്യേക കാഴ്ചപ്പാടോടുകൂടി വീണ്ടും വീണ്ടും ക്ലാസ് ശ്രദ്ധിച്ച് പഠിക്കാനുളള അവസരവും കുട്ടികൾക്കുണ്ട്. സാധാരണ ക്ലാസിൽ അത് സാധിക്കാറില്ലല്ലോ.

ഞാൻ പറഞ്ഞു 'ഏതായാലും കാര്യം കൊളളാം. പക്ഷേ സ്വന്തമായി സ്മാർട്ട്ഫോണോ ടിവിയോ ഇല്ലാത്ത പാവപ്പെട്ട കുട്ടികൾ എങ്ങനെ പഠിക്കും. അവർ പറഞ്ഞു ' അങ്ങനെയുളള കുട്ടികളെ കണ്ടെത്തി അവർക്ക് സ്മാർട്ട്ഫോണോ ടിവിയോ സ്വന്തമാക്കാനുളള ഏർപാടുകൾ ആയിട്ടുണ്ട്. ഞാൻ പഠിപ്പിക്കുന്ന സ്കൂളിലെ എന്റെ ക്ലാസിൽ ഒരു കുട്ടിക്കേ ആ സൗകര്യം ഇല്ലാതുളളു. ആ കുട്ടി തൊട്ടടുത്ത വീട്ടിൽ പോയിരുന്ന് ക്ലാസിൽ പങ്കെടുക്കുന്നുണ്ട്. ആ കുട്ടിക്കും രണ്ട് മൂന്ന് ദിവസത്തിനകം സ്മാർട്ട് ഫോൺ കിട്ടും.'

കൊറോണയുടെ ശാപം കേരളത്തിലെ സ്കൂൾകുട്ടികൾക്ക് ഉപകാരമായി വന്നുഭവിച്ചതുപോലെ എനിക്കു തോന്നി. സ്വന്തം വീട്ടിലിരിക്കുന്ന അദ്ധ്യാപകർ സ്വന്തം ക്ലാസിലെ കുട്ടികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെട്ട് ഓരോ കുട്ടിയേയും സഹായിക്കാതിരുന്നാൽ ഉർവ്വശിശാപം ഉപകാരമായത് വീണ്ടും ശാപമായിപോയെന്നും വരാം. അതു വരാതിരിക്കട്ടെ!