pradilkal

കഴക്കൂട്ടം: ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച ശേഷം 6 വയസുള്ള മകന്റെ മുന്നിലിട്ടു യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഭർത്താവടക്കം അറസ്റ്റിലായ ആറ് പ്രതികളെയും റിമാൻഡ് ചെയ്തു. അതേസമയം കേസിലെ മുഖ്യപ്രതിയായ നൗഫലിനെ ഇതുവരെ പിടികൂടിയിട്ടില്ല. മൻസൂർ (45), അക്ബർ ഷാ (23), അർഷാദ് (33), രാജൻ (50), മനോജ്(25), അൻസാർ (29) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മാനഭംഗക്കുറ്റത്തിന് പുറമേ യുവതിയുടെ മകനെ മർദ്ദിച്ചതിന് മൻസൂർ, അക്ബർഷാ, അർഷദ്, നൗഫൽ എന്നിവർക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. നൗഫലിന്റെ ആട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

യുവതിയുടെ ഭർത്താവിന്റെ ആക്ടീവ സ്കൂട്ടറും ഇന്നലെ കസ്‌റ്റഡിയിലെടുത്തു. പ്രതികളെ കസ്​റ്റഡിയിൽ വാങ്ങിയതിന് ശേഷം സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇരയായ യുവതിയെയും കുട്ടിയെയും പൊലീസ് പൂജപ്പുരയിലുള്ള ഷെൽട്ടൽ ഹോമിലേക്ക് മാ​റ്റി. വ്യാഴാഴ്ച വൈകിട്ടാണ് ഭർത്താവ് യുവതിയെയും രണ്ടുമക്കളെയും ബീച്ച് കാണിക്കാനെന്നു പറഞ്ഞ് സ്കൂട്ടറിൽ പോത്തൻകോട്ടു നിന്നും ചാന്നാങ്കരയിലേക്ക് കൊണ്ടുപോയത്. പ്രതി രാജന്റെ വെട്ടുതുറയിലുള്ള വീട്ടിലെത്തിയ ഭർത്താവും അവിടയുണ്ടായിരുന്ന സുഹൃത്തുക്കളായ നാലുപേരും ചേർന്ന് നിർബന്ധിച്ച് യുവതിക്ക് മദ്യം നൽകി. ഇതിന് ശേഷമാണ് ഭർത്താവിന്റെ സുഹ‌ൃത്തുക്കൾ യുവതിയെ ആട്ടോറിക്ഷയിൽ വലിച്ചുകയറ്റി ചാന്നാങ്കരയിലെ പത്തേക്കർ എന്ന സ്ഥലത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയത്.