കോലഞ്ചേരി: മോഷണത്തിനിടെ രക്ഷപ്പെടാൻ പാലത്തിൽ നിന്ന് ചാടിയ കള്ളന് ഗുരുതര പരിക്ക്. കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന സുരേഷിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പെരുവംമൂഴിയിൽ വച്ച് മോഷണത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനാണ് പെരുവുംമൂഴി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പുഴയിൽ വെള്ളമില്ലാതിരുന്നതാണ് കള്ളനു വിനയായത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ പൊലീസ് മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുവുംമൂഴിയിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിലെത്തി പണം മോഷ്ടിക്കാൻ ശ്രമിച്ചതോടെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇയാളെ പിന്തുടർന്നതോടെയാണ് പുഴയിലേക്ക് ചാടിയത്. തുടർന്നെത്തിയ പുത്തൻകുരിശ് പൊലീസിന് നാട്ടുകാർ ഇയാളെ കൈമാറി. പിന്നീട് മൂവാറ്റുപുഴ പൊലീസിന് ഇയാളെ വിട്ടു നൽകി. പുത്തൻകുരിശ് സ്റ്റേഷനിലെ മൊബൈൽ ഫോൺ മോഷണക്കേസിൽ ഇയാൾ ജയിലിലായിരുന്നു. ലോക്ക് ഡൗൺ ഇളവുകളിലാണ് പുറത്തിറങ്ങിയത്. ഇയാൾക്കെതിരെ കാപ്പ നിയമം ചുമത്തുന്നതിന് പൊലീസ് ശുപാർശയുള്ളതാണ്.