തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ അവസാനം നടത്താൻ സാദ്ധ്യത. വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിച്ചേക്കും. നിലവിലെ ഭരണസമിതികളുടെ കാലാവധി നവംബർ 11ന് കഴിയും. അതിന് മുമ്പ് പുതിയ ഭരണ സമിതി നിലവിൽവരണം.
2010ലും 2015ലും സംസ്ഥാനത്ത് രണ്ട് ദിവസങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. തെക്കൻ കേരളം, വടക്കൻ കേരളം എന്നു തിരിച്ച്. പൊലീസിനെ വിന്യസിക്കുന്നതിലെ സൗകര്യത്തിനായിരുന്നു അത്. ഇത്തവണയും രണ്ട് ദിവസങ്ങളിലായാവും തിരഞ്ഞെടുപ്പെന്ന് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് വ്യാപനത്തെ തുടർന്ന് വോട്ടർ പട്ടികയിൽ പേരു ചേർക്കൽ നിറുത്തിവച്ചിരുന്നു. അപേക്ഷ നൽകിയവർക്ക് ഫോട്ടോ അപ് ലോഡ് ചെയ്യാനുള്ള സമയം ഇനിയും നൽകുമെന്നാണ് സൂചന.