കോവളം: പടിഞ്ഞാറെ പൂങ്കുളത്ത് സി.സി ടിവി കാമറ തകർത്ത് പ്രൊവിഷൻ സ്റ്റോറിൽ മോഷണശ്രമം. വിനോദ് നിവാസിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ബാബു പ്രൊവിഷൻ സ്റ്റോറിൽ കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് സംഭവം. മഴക്കോട്ടും മാസ്‌കും ധരിച്ച രണ്ടുപേർ കടയിലെത്തുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി ടി.വി കാമറയിൽ നിന്നും തിരുവല്ലം പൊലീസിന് ലഭിച്ചു. സമീപത്തെ വെൽഡിംഗ് വർക്ക്ഷോപ്പിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയാണ് അക്രമികൾ നശിപ്പിച്ചത്. മതിൽവഴിയാണ് ഇവർ പ്രൊവിഷൻ സ്റ്റോറിന്റെ ഇരുനില കെട്ടിടത്തിനകത്ത് കയറിയത്. രണ്ട് വാതിലുകളും നാല് അലമാരകളും കമ്പ്യൂട്ടർ സിസ്റ്റവും നശിപ്പിച്ചിട്ടുണ്ട്. എന്നാൽ കടയ്‌ക്കുള്ളിൽ പണം സൂക്ഷിച്ചിട്ടില്ലായിരുന്നു. സ്ഥലത്ത് വിരലടയാള വിദഗ്ദ്ധരെത്തി തെളിവുകൾ ശേഖരിച്ചു.