 അവസരം മുതലാക്കാൻ സി.പി.എം

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തർക്കത്തിൽ അമ്പിനും വില്ലിനും അടുക്കാൻ കേരള കോൺഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങൾ തയ്യാറാകാത്തത് യു.ഡി.എഫ് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കെ രണ്ടിലൊരു കൂട്ടർ മുന്നണി വിടുമെന്ന അവസ്ഥയാണ്. അതേസമയം, അവസരം മുതലാക്കി ഒരു വിഭാഗത്തെ ഒപ്പം ചേർക്കാൻ സി.പി.എം കരുനീക്കം ആരംഭിക്കുകയും ചെയ്തു.

വാക്കാലുള്ള ധാരണപ്രകാരം പ്രസിഡന്റുസ്ഥാനം ജോസഫിന് വിട്ടുകൊടുക്കാൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി ആവശ്യപ്പെട്ടിട്ടും ജോസ് കെ.മാണി കൂട്ടാക്കിയിട്ടില്ല. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും തിരുവഞ്ചൂർ രാധാകൃഷ്ണനും കഴിഞ്ഞ രാത്രിയിൽ നടത്തിയ ചർച്ചയിലും ജോസ് മെരുങ്ങിയില്ല.

ഇതോടെ, അവിശ്വാസപ്രമേയമല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടിലെത്തി ജോസഫ്. ജോസഫിന് ആൾബലം കുറവായതിനാൽ കോൺഗ്രസ് പിന്തുണയ്ക്കണം. കോൺഗ്രസ് പിന്തുണച്ചാൽ ജോസ് മുന്നണി വിടുമെന്ന കടുത്ത നിലപാടിലേക്ക് നീങ്ങിയേക്കാം. അത്തരമൊരു സാഹചര്യത്തിന് വഴിയൊരുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് സമ്മതിക്കില്ല. യു.പി.എ എം.പിമാരാണ് ജോസ് കെ.മാണിയും ഒപ്പമുള്ള തോമസ് ചാഴികാടനും.

കോട്ടയം ജില്ലാ പഞ്ചായത്ത് തർക്കത്തിൽ ഉറ്റുനോക്കിയിരിക്കുകയാണ് സി.പി.എം. അവിശ്വാസപ്രമേയം വന്നാൽ ജോസിനൊപ്പം നിൽക്കാനാഗ്രഹിക്കുന്ന സി.പി.എം കോട്ടയം ഘടകം സംസ്ഥാന നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസും ജോസഫും ചേർന്നുള്ള അവിശ്വാസപ്രമേയത്തെ സി.പി.എം പിന്തുണയോടെ തോല്പിച്ചാൽ ജോസിന്റെ ഇടതുപക്ഷത്തേക്കുള്ള വരവിന് നാന്ദിയാകുമത്. അതേസമയം, സി.പി.എം ഇടുക്കി ജില്ലാ നേതൃത്വം ജോസഫിന്റെ വരവും ആഗ്രഹിക്കുന്നുണ്ട്.

2016ൽ പിടിച്ചെടുത്ത യു.ഡി.എഫ് കോട്ടകളായ കോതമംഗലത്തും മൂവാറ്റുപുഴയിലും ശക്തി കൂട്ടാനും മറ്റ് ചില സീറ്റുകൾ പിടിച്ചെടുക്കാനും കേരള കോൺഗ്രസിലെ ഏതെങ്കിലുമൊരു വിഭാഗമെത്തുമ്പോൾ സാധിക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ. കോട്ടയം മേഖലയിൽ സ്വാധീനക്കൂടുതലുള്ള ജോസ് വിഭാഗത്തോട് അല്പം താല്പര്യക്കൂടുതലെന്നു മാത്രം.

ഈ ഘട്ടത്തിൽ ഏതൊരു കക്ഷി മുന്നണി വിടുന്നതും യു.ഡി.എഫിന് ആഘാതമാണ്. അത് മനസിലാക്കിയാണ് പ്രകോപനപരമായ പ്രസ്താവനകൾ സി.പി.എമ്മിൽ നിന്നുണ്ടാകുന്നത്. മുന്നണിവിപുലീകരണ ചർച്ചയ്ക്ക് വഴിതുറന്നിട്ട സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജോസോ ജോസഫോ നിലപാട് വ്യക്തമാക്കട്ടെ, എന്നിട്ട് മുന്നണിയിൽ ചർച്ച ചെയ്യാമെന്നാണ് ഇന്നലെ വ്യക്തമാക്കിയത്.

കേരള കോൺഗ്രസുകളെ ലാക്കാക്കിയുള്ള സി.പി.എം നീക്കത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശക്തമായി മറുപടി പറഞ്ഞതും അപകടാവസ്ഥ മുന്നിൽ കണ്ടാണ്.