തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ഓൺലൈനായി സ്വീകരിക്കുന്നതിന് പ്രാധാന്യം നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. പരാതികൾ എത്രയും വേഗം തീർപ്പാക്കി ഡിജിറ്റൽ മാർഗങ്ങളിലൂടെ മറുപടി നൽകണം. റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവർക്ക് വീടുകളിലേക്ക് പോകാനുള്ള യാത്രാസൗകര്യം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തെ സഹായിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനും പൊലീസ് ശ്രമിക്കും. വിമാനത്താവളങ്ങളിൽ എത്തുന്നവർ ബസുകളിൽ കയറിയശേഷം അടുത്ത വിമാനത്തിൽ എത്തുന്നവർക്കായി കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് പരിഹാരം കണ്ടെത്തണം. നിർമ്മാണ സാമഗ്രികളുടെ വില വർദ്ധിപ്പിക്കുന്നത് തടയുന്നതിന് ജില്ലാ ഭരണകൂടവുമായി ചേർന്ന് നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.