തിരുവനന്തപുരം :ലോക്ക് ഡൗൺ കഴിഞ്ഞ് സ്‌കൂൾ എന്നുതുറക്കുമെന്ന് തീരുമാനമായില്ലെങ്കിലും സ്‌കൂൾ വിപണി മെല്ലെ ഉണർന്നു തുടങ്ങി. ബാഗുകളും യൂണിഫോമുമൊക്കെയായി നഗരത്തിലെ കടകളെല്ലാം തയ്യാറായിക്കഴിഞ്ഞു. സ്‌കൂൾ തുറക്കുമെന്ന പ്രഖ്യാപനം വരുന്നതിന് മുമ്പ് തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ അദ്ധ്യായനത്തിനിടയ്ക്കും രക്ഷിതാക്കൾ കുട്ടികളുമായി സ്‌കൂൾ വിപണിയിലെത്തുകയാണ്. കൺസ്യൂമർഫെഡിന്റെ സ്റ്റാച്യുവിലെ സ്‌കൂൾ വിപണി ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.


കൺസ്യൂമർ ഫെഡിൽ 30 ശതമാനം വരെ വിലക്കുറവ്

കഴിഞ്ഞ വർഷത്തെ വിലയേക്കാൾ 12 ശതമാനം വരെ വിലക്കിഴിവിലാണ് നോട്ട് ബുക്കുകൾ കൺസ്യൂമർഫെഡിന്റെ സ്‌കൂൾ വിപണിയിൽ വിൽക്കുന്നത്. 160 പേജിന്റെ വരയിട്ട ബുക്കിന് 30 രൂപയാണ് വില. വരയില്ലാത്ത ബുക്കിന് 19 രൂപ. എ ഫോർ സൈസ് ബുക്കിന് 44 രൂപയാണ് വില. ഇൻസ്ട്രുമെന്റ് ബോക്സ്,, വാട്ടർബോട്ടിൽ, ഷൂ, ലഞ്ച് ബോക്സ്, റെയിൻ കോട്ട്, ടിഫിൻ ബോക്സ്, സ്‌കൂൾ ബാഗ് ,കുടകൾ എന്നിവയ്ക്കും വിലക്കിഴിവുണ്ട്. ഇത്തവണ കൺസ്യൂമർഫെഡിന്റെ സ്‌കൂൾ വിപണിയിൽ ബാറ്റയുടെ പ്രത്യേക സ്റ്റാളും സജ്ജമാക്കിയിട്ടുണ്ട്. കമ്പനി ചെരുപ്പുകൾ നേരിട്ട് ഇവിടെനിന്നും വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.