കഴക്കൂട്ടം: കഠിനംകുളത്ത് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ ആറു വയസുകാരനായ മകന്റെ നിർണായക മൊഴി. അമ്മയെ ഉപദ്റവിച്ചത് തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ തന്നെ മർദ്ദിച്ചെന്ന് മകൻ പൊലീസിന് മൊഴി നൽകി. കരഞ്ഞ് നിലവിളിച്ചപ്പോൾ മുഖത്തടിച്ചെന്നും കുട്ടി പറഞ്ഞു. ഭർത്താവ് ആസൂത്രിതമായി യുവതിയെ പീഡനത്തിന് വിട്ടുകൊടുത്തതാണെന്ന നിഗമനം ശരിവയ്ക്കുന്ന കൂടുതൽ തെളിവുകളും പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്.
അച്‌ഛനും അമ്മയ്‌ക്കുമൊപ്പം ബൈക്കിൽ ബീച്ചിലെത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിൽ പോയതുമെല്ലാം കുട്ടി കൃത്യമായി പറഞ്ഞു. സുഹൃത്തും കേസിലെ പ്രതികളിലൊരാളുമായ രാജന്റെ വീട്ടിൽ നിന്ന് തിരിച്ചുപോകാനിറങ്ങിയ അമ്മയേയും തന്നെയും ബലം പ്രയോഗിച്ച് ആട്ടോയിൽ കയറ്റി കാട്ടുപ്രദേശത്തേക്ക് കൊണ്ടുപോകുയായിരുന്നു. അവിടെ വച്ച് നാലുപേർ ചേർന്ന് അമ്മയെ ഉപദ്രവിച്ചു. ഇത് തടയാൻ ശ്രമിച്ചപ്പോൾ ഒരാൾ തന്റെ നെഞ്ചിൽ ആഞ്ഞുതള്ളിയെന്നും തറയിൽ വീണ് ഉറക്കെ കരഞ്ഞപ്പോൾ ഒരാൾ മുഖത്തടിച്ചെന്നും മൊഴിയിൽ പറയുന്നു.
അമ്മയെയും മകനെയും ആട്ടോയിൽ കയറ്റി കൊണ്ടുപോയതു മുതൽ പീഡിപ്പിച്ചതു വരെയുള്ള കാര്യങ്ങൾ ദൃക്‌സാക്ഷിയായ കുട്ടി പൊലീസിന് മൊഴി നൽകിയതോടെ കേസ് കൂടുതൽ ശക്തമാകും. ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞതോടെ കുട്ടിയെ മുഖ്യസാക്ഷിയാക്കാനാണ് സാദ്ധ്യത. യുവതിയുടെ ശരീരത്തിൽ മുറിവുകൾ ഉള്ളതായി ഡോക്ടർമാർ നൽകിയ റിപ്പോർട്ടും കേസിൽ നിർണായകമാകും.
ഭർത്താവ് അമിതമായി മദ്യവും ലഹരിമരുന്നുകളും ഉപയോഗിക്കാറുണ്ടെന്ന യുവതിയുടെ മൊഴിയും കേസിൽ നിർണായകമാണ്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി.സുരേഷ് പറഞ്ഞു. ഉപദ്രവിച്ച നാല് പ്രതികളിൽ ഒരാളെ മാത്രമേ ഭർത്താവിന് നേരിട്ട് അറിയാവൂ. ഇയാൾ ഭർത്താവിന് പണം നൽകുന്നത് കണ്ടുവെന്നാണ് യുവതിയുടെ മൊഴി. അതിനാൽ പണം നൽകിയ പ്രതിയാവും മറ്റുള്ളവരെ വിളിച്ചുവരുത്തിയതെന്നും പൊലീസ് കരുതുന്നു.യുവതിയുടെ ശരീരഭാഗങ്ങളിൽ പല്ലും നഖവും കൊണ്ടുള്ള മുറിവുകളും മർദ്ദനമേറ്റ പാടുകളുണ്ട്. ഭർത്താവ് പണം വാങ്ങി യുവതിയെ സുഹൃത്തുക്കൾക്ക് കാഴ്ചവച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പൂജപ്പുരയിലെ ഷെൽട്ടർ ഹോമിലാണ് യുവതിയും മകനും. യുവതിക്ക് മൂന്നുവയസുള്ള മറ്റൊരു മകൻ ബന്ധുക്കൾക്കൊപ്പമാണ്.